പത്തനംതിട്ട: നെല്‍ കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിതമായി ഉണ്ടാക്കിയ ധാരണാപത്രം ഉടന്‍ നടപ്പിലാക്കണമെന്ന് കര്‍ഷകമോര്‍ച്ച. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളില്‍ അര്‍ഹതപ്പെട്ട തുക കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ട് നല്കണമെന്നാണ് ഇരുസര്‍ക്കാരുകളും തമ്മിലുള്ള കരാര്‍. എന്നാല്‍ ഇപ്പോള്‍ നെല്ല് സംഭരണം കഴിഞ്ഞ് നാലുമാസമായിട്ടും കര്‍ഷകര്‍ക്ക് തുക അനുവദിച്ചിട്ടില്ലെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ ചൂണ്ടിക്കാട്ടി.
2019ലാണ് ധാരണപത്രം ഒപ്പുവച്ചത്. ആറുവര്‍ഷമായി ഈ സംയോജിത ധാരണാപത്രത്തിന്റെ കാര്യം മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് നല്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കര്‍ഷകര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ എന്നിവരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി പ്രഹ്ലാദ്‌ജോഷിയെ നേരില്‍ കണ്ടപ്പോഴാണ് ധാരണാപത്രത്തിന്റെ കാര്യം പുറത്തുവന്നത്.
ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുത്ത് കര്‍ഷകന് നല്കണം എന്നതാണ് ധാരണ. ബാങ്ക് ഈടാക്കുന്ന പലിശ നല്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി തുക സംസ്ഥാന സര്‍ക്കാരിന് നല്കാറുണ്ട്. സംസ്ഥാനം ഇത് വക മാറ്റി ചെലവഴിക്കുകയാണെന്നും ഷാജി രാഘവന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ 10,621.68 കോടി രൂപ കേന്ദ്രം ഈ ഇനത്തില്‍ മാത്രം കേരളത്തിന് നല്കിയിട്ടുണ്ട്.
ഈ വര്‍ഷം കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായ 577.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാനുണ്ട്. ബിജെപി നിയോഗിച്ച സമിതി സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. അടിയന്തരമായി കര്‍ഷകര്‍ക്ക് നല്‌കേണ്ട തുക അനുവദിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും 33.89 കോടി മാത്രമാണ് അനുവദിച്ചത്. അതില്‍ തന്നെ എട്ടു കോടി രൂപ മാത്രമേ കര്‍ഷകരുടെ അക്കൗണ്ടില്‍ നാളിതുവരെ എത്തിയിട്ടുള്ളൂ എന്നാണ് അറിയുന്നത്. അദ്ദേഹം വ്യക്ത
മാക്കി.
ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്തസാമ്പത്തിക ബാധ്യതയിലാണ് ഈ നെല്‍കര്‍ഷകര്‍. അവരെ ആത്മഹത്യയിലേക്ക് നയിക്കാന്‍ തയാറാകാതെ ഓണത്തിന് മുമ്പ് അവര്‍ക്ക് നല്കാനുള്ള തുക പൂര്‍ണമായും പിണറായി സര്‍ക്കാര്‍ നല്കണമെന്നും ഇല്ലെങ്കില്‍ സ്വതന്ത്ര കര്‍ഷക സംഘടനകളെ കൂടി ചേര്‍ത്ത് സംസ്ഥാനത്ത് ഒട്ടാകെ വലിയ
ജനകീയ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.