• Sun. Aug 31st, 2025

24×7 Live News

Apdin News

നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്

Byadmin

Aug 30, 2025


71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്.

അതേസമയം രണ്ടു ബോട്ട് ക്ലബുകൾക്കെതിരെ പരാതിയുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് രംഗത്തെത്തി. ഫൈനല്‍ യോഗ്യത നേടിയ നിരണം (നിരണം ബോട്ട് ക്ലബ്), നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) എന്നീ ചുണ്ടന്‍വള്ളങ്ങള്‍ 25 ശതമാനം പ്രൊഫഷണല്‍ തുഴച്ചില്‍ക്കാർ എന്ന നിയമം ലംഘിച്ചുവെന്ന് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ആരോപിച്ചു. ഈ വള്ളങ്ങളെ അയോഗ്യരാക്കണമെന്നാണ് ആവശ്യം. എന്‍ടിബിആർ ചെയർമാനാണ് പരാതി നല്‍കിയത്.

ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചത് നടുഭാഗമാണ്( 4.20.904). രണ്ടാമത് നിരണം 4.21.269, മൂന്നാമത് വീയപുരം 4.21. 810. നാലാം സ്ഥാനം മേൽപ്പാടം ചുണ്ടൻ(4.22.123). ആദ്യ ഹീറ്റ്സിൽ ചുണ്ടൻ കാരിച്ചാൽ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സ് മത്സരത്തിൽ നടുവിലേ പറമ്പനും മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി. നാലാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ഒന്നാമതെത്തി. അഞ്ചാം ഹീറ്റസിൽ പായിപ്പാടൻ വൺ വള്ളം ഒന്നാമതെത്തി. ആറാം ഹീറ്റ്‌സിൽ വീയപുരം വിബിസി ചുണ്ടൻ ഒന്നാമതെത്തി.

21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്.

By admin