നേപ്പാളിലെ സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിച്ച് സര്‍ക്കാര്‍. നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.
പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ മാസം നാലിനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.
എന്നാല്‍, അവസാനിപ്പിക്കേണ്ടത് അഴിമതിയാണെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് ആയിരക്കണക്കിന് യുവാക്കള്‍ ഒത്തു ചേര്‍ന്നു. പ്രതിഷേധത്തെ ലാത്തിയും ടിയര്‍ഗ്യാസും ഉപയോഗിച്ചാണ് ഭരണകൂടം നേരിട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും 400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജി വെച്ചു. രാജിവെച്ചാലും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം മാറ്റില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രികെ.പി.ശര്‍മ ഒലി. പിന്നീട് അടിയന്തര മന്ത്രി സഭായോഗത്തിന് ശേഷം സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ തീരുമാനിച്ചതായി നേപ്പാള്‍ വാര്‍ത്തവിനിമയ പ്രക്ഷേപണമന്ത്രി പൃഥി സുബ്ബ ഗുരുങ് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഗുരുങ് പറഞ്ഞു.