
മുംബൈ: കളി മാറി, ഗതി മാറി. തലേന്ന് ഭാരതം അമേരിക്കയ്‌ക്കെതിരെ റണ്ണെടുക്കാന്‍ വിഷമിച്ച വാംഖഡെയില്‍ ഇന്നലെ വമ്പന്‍ റണ്ണൊഴുക്ക്. നേപ്പാളിനെതിരെ ദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. ഇതിനെതിരെ പൊരുതിയ നേപ്പാള്‍ വിജയം കൊയ്യുമെന്ന് തോന്നിച്ചു ഒടുവില്‍ നാല് റണ്‍സിന് കീഴടങ്ങി.
അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു അട്ടിമറി തോല്‍വിയില്‍ നിന്നും ഇംഗ്ലണ്ട് രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവര്‍ എറിയാന്‍ സാം കറന്‍ എത്തുമ്പോള്‍ നേപ്പാള്‍ രണ്ട് വിക്കറ്റ് കൈയ്യിലരിക്കെ ഒമ്പത് റണ്‍സ് മതിയെന്ന സ്ഥിതിയിലായിരുന്നു. സമചിത്തതയോടെ പന്തെറിഞ്ഞ സാം കറന്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി മത്സരം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങിയ കറന്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി 18 പന്തുകളില്‍ 39 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ് കളിയിലെ താരമായത്. താരത്തിന്റെ ബാറ്റിങ് മികവാണ് അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് സ്‌കോര്‍ നല്ലപോലെ കൂടാനിടയാക്കിയത്.
നേരത്തെ അര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ച ബാറ്റര്‍മാരായ ജേക്കബ് ബെതലിന്റെയും(55) ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും(53) അര്‍ദ്ധ സെഞ്ചുറി മികവിലാണ് ഇംഗ്ലീഷ് സ്‌കോര്‍ തെറ്റില്ലാത്ത വിധം ചലിച്ചത്. ഓപ്പണറായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍(26) നിരാശപ്പെടുത്തിയില്ല. നേപ്പാള്‍ ബൗളര്‍മാരായ ദിപേന്ദ്ര സിങ് അയിരെയും നന്ദന്‍ യാദവും രണ്ട് വീതം വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ കുഷാല്‍ ഭര്‍ട്ടെല്‍(27), രോഹിത് പൗദേല്‍(39) ദിപേന്ദ്ര സിങ് അയിരേ(44) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒടുവില്‍ 20 പന്തില്‍ 39 റണ്‍സെടുത്ത ലോകേഷ് ഭാമിന്റെ പ്രകടനം കൂടിയായതോട നേപ്പാളിന്റെ പ്രതീക്ഷ അവസാന ഓവര്‍ വരെ നീണ്ടു.