
കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയുടെ സത്യവാങ്മൂലം. തന്നെ ഭീഷണിപ്പെടുത്തി രാഹുൽ നഗ്ന വീഡിയോ ചിത്രീകരിച്ചു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയമുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മുൻകൂർ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരിട്ടത് ക്രൂരമായ ബലാത്സംഗമെന്ന് ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തിൽ പറയുന്നു. ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയിൽ പരാതിക്കാരി സമർപ്പിച്ചു. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷയിൽ രാഹുൽ പറഞ്ഞത് വക്രീകരിച്ചതും ദുരുപദിഷ്ടവുമായ വസ്തുതകളും അർദ്ധ സത്യങ്ങളുമാണെന്ന് പരാതിക്കാരി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നെന്നും പരാതിക്കാരി പറയുന്നു. സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് സത്യവാങ്മൂലത്തിൽ പരാതിക്കാരി പറയുന്നത്.
പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്നും അതിൽ ഒന്നിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയാണെന്നും ഗുരുതര ആരോപണവും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്. അഡ്വക്കേറ്റ് ജോൺ എസ് റാൽഫ് ആണ് പരാതിക്കാരിക്ക് വേണ്ടി ഹാജരാകുന്നത്.