ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേരള ഹൈകോടതി നേരത്തെ ജാമ്യം റദ്ദാക്കിയ മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ദ്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി വിഷ്ണു എന്നിവര്‍ക്കാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഇതോടെ കേസിലെ ഒമ്പത് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. 2021 ഡിസംബര്‍ 18-നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാനിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇതിന് പ്രതികാരമായി ആര്‍.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 15 പേരെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഇവര്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.
ഷാന്‍ വധക്കേസിലെ ആര്‍.എസ്.എസുകാരായ ഒമ്പത് പ്രതികള്‍ക്കും ആലപ്പുഴ അഡീഷനല്‍ സെഷന്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യം ഹൈകോടതി റദ്ദാക്കുകയായിരുന്നു. അതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയോടെ ജാമ്യം അനുവദിച്ച സുപ്രീം കോടതി, ജാമ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കി.
കഴിഞ്ഞ മേയില്‍ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഷാന്‍ കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ആര്‍.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും നടക്കുമായിരുന്നില്ലെന്നും കേരളം ചൂണ്ടിക്കാട്ടി.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വെച്ചാണ് കെ.എസ് ഷാനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. പിന്നാലെ ആര്‍.എസ്.എസ് നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.