
നേറ്റിവിറ്റി കാര്‍ഡ്
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്ന തരത്തിലാണ് നേറ്റിവിറ്റി കാര്‍ഡ് നല്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന, നിയമ പിന്‍ബലത്തോടുകൂടിയ ആധികാരിക രേഖയായി കാര്‍ഡ് നല്കുമെന്നുമാണ് പ്രഖ്യാപനം. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്കുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. ഇതിന്റെ കരടുരേഖ നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.
തിരുവനന്തപുരം: രാജ്യവിരുദ്ധ നടപടികളുമായി വീണ്ടും പിണറായി സര്‍ക്കാര്‍. ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച നേറ്റിവിറ്റി കാര്‍ഡ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്കാന്‍. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുതെന്ന പിണറായി വിജയന്റെ പ്രസ്താവന ദുരൂഹം. നീക്കം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ അയോഗ്യര്‍ പുറത്തായതോടെ.
ഇപ്പോള്‍ നല്കി വരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കാനാണ് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്കിയത്. ആധാര്‍ കാര്‍ഡടക്കം നിരവധി രേഖകള്‍ നിലവിലുണ്ട്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും വേണ്ടി വരുന്ന ഒന്നല്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലുള്ള ചില പ്രത്യേക ആവശ്യങ്ങള്‍ക്കേ വേണ്ടിവരൂ. എന്നിട്ടും എല്ലാവര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതിലാണ് ദുരൂഹത ഉയരുന്നത്.
സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്നും ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിര താമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണമെന്നും വ്യക്തമാക്കികൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ പുറത്താക്കിയിരുന്നു. അത്തരക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഇതര സംസ്ഥാനത്തുനിന്നുള്ള, ആറു മാസം സംസ്ഥാനത്ത് താമസിക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കുന്ന കുഞ്ഞിന് കേരളത്തില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഫോട്ടോ പതിച്ച, കാര്‍ഡ് രൂപത്തിലുള്ള ഇതു ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. റോഹിഗ്യന്‍, ബംഗ്ലാദേശികളടക്കം നിരവധി പേരാണ് വ്യാജ ആധാര്‍ കാര്‍ഡുകളുമായി കേരളത്തില്‍ എത്തിയിട്ടുള്ളത്. നിരവധി പേര്‍ പിടിയിലായിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതോടെ പൗരത്വ രേഖയായി ഇവര്‍ക്ക് ഉപയോഗിക്കാനാകും. മാത്രമല്ല പൗരത്വ രേഖ നല്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അത് മറികടന്നാണ് സംസ്ഥാനം പൗരത്വരേഖയ്‌ക്ക് തുല്യമായി ഉപയോഗിച്ചേക്കാവുന്ന കാര്‍ഡ് നല്കാന്‍ ഒരുങ്ങുന്നത്.