
ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ന്യൂദല്‍ഹി അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക് നാളെ ഭാരത മണ്ഡപത്തില്‍ തുടക്കമാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബുക്ക് ട്രസ്റ്റാണ് മേളയുടെ സംഘാടകര്‍. 18ന് സമാപിക്കും.
മേളയുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശനം സൗജന്യമാക്കി. ഒമ്പത് ദിവസത്തെ മേളയില്‍ 35ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കും. പുസ്തക പ്രകാശനങ്ങള്‍ക്കുപുറമെ പ്രതിരോധരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. ആയിരത്തിലധികം പ്രഭാഷകര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന 600ലധികം പരിപാടികളില്‍ പങ്കെടുക്കും. മേള ഇരുപതു ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സൈന്യത്തിന് ആദരമായി ‘ഭാരത സൈനിക ചരിത്രം: വീര്യവും ജ്ഞാനവും @75’ എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് പ്രൊഫ. മിലിന്ദ് സുധാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്‌ട്രനിര്‍മ്മാണത്തിനും പ്രതിരോധത്തിനും ഐക്യത്തിനും അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. 2026 വര്‍ഷം പുസ്തകങ്ങളിലൂടെ ആരംഭിക്കുകയാണെന്ന് എന്‍ബിടി ഡയറക്ടര്‍ യുവരാജ് മാലിക് പറഞ്ഞു. യുവാക്കളെ കൂടുത ലായി പുസ്തക ലോകത്തേക്ക് ക്ഷണിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമായാണ് പ്രവേശനം പൂര്‍ണമായും സൗജന്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ ജാബര്‍, ദോഹ അന്താരാഷ്‌ട്ര പുസ്തകമേള ഡയറക്ടര്‍ ജാസിം അഹമ്മദ് അല്‍ ബുഐനൈന്‍, ഐടിപിഒ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംജിത് ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.