ആസ്സാമിലെ ഗ്വൽപാറ ജില്ലയിൽ മുസ്ലിംകളെ കുടിയൊഴിപ്പിച്ച സംഭവവും തുടർന്ന് ജൂലൈയിൽ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് ക്രൈസ്തവ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും ന്യൂനപക്ഷവിരുദ്ധ സമീപനത്തിൻ്റെ ബഹിർപ്രകടനങ്ങളാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ആഴത്തിലുള്ള ആപത്തിന്റെ ലക്ഷണങ്ങളാണ്. ന്യൂനപക്ഷസുരക്ഷ ഉറപ്പു വരുത്തേണ്ട സർക്കാരിൻ്റെ ഭാഗത്തുനിന്നു തന്നെയാണ് ഈ അതിക്രമങ്ങളുണ്ടായതെന്നതെന്നത് അതിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് സമദാനി പറഞ്ഞു.
ആസ്സാമിൽ നടന്നത് കുടിയൊഴിപ്പിക്കലല്ല. തുടച്ചുനീക്കലാണ്. തങ്ങളുടെ വീടിൻ്റെ മേൽക്കൂരകൾക്ക് ചുവട്ടിൽ സ്വപ്നം കണ്ടുറങ്ങിയിരുന്ന കുടുംബങ്ങൾക്ക് ഇന്ന് ആശാഭംഗത്തിന്റെ ആകാശങ്ങൾക്ക് ചുവട്ടിൽ കഴിയേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. പ്രബലമായ രേഖകളോടെ ആഗ്രയിലേക്ക് ജോലിക്ക് പോയ മൂന്നു സ്ത്രീകൾ അനുഗമിച്ചതിന്റെ പേരിലാണ് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ നിയമവാഴ്ച മറഞ്ഞുപോവുകയും പകരം ആൾക്കൂട്ടരോഷം സ്ഥാനം പിടിക്കുകയും ചെയ്തു.
ആക്റ്റൻ പ്രഭുവിന്റെ പ്രസിദ്ധമായ പ്രസ്താവനയുണ്ട്: “ഒരു രാജ്യം സ്വതന്ത്രമാണോ എന്ന് വിധികൽപ്പിക്കാനുള്ള ഏറ്റവും തീർച്ചയുള്ള പരീക്ഷണമാർഗ്ഗം അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വമാണ് “. ഈ പരീക്ഷണം ഇന്നത്തെ ഇന്ത്യയിൽ ദുരന്തമാകുംവിധം വിട്ടുവീഴ്ചക്ക് വിധേയമായിരിക്കുകയാണെന്ന് പറഞ്ഞ സമദാനി വീടുകൾ തകർക്കുന്ന നടപടി അവസാനിപ്പിക്കാനും നിരപരാധികളെ സ്വതന്ത്രരാക്കാനും ഔദ്യോഗിക നയമായി രൂപാന്തരം പ്രാപിച്ചുവരുന്ന മുൻവിധികളെപ്പറ്റി അന്വേഷിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.