• Tue. Mar 11th, 2025

24×7 Live News

Apdin News

ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ കേരളം രാജ്യത്തിന് മാതൃക: പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍

Byadmin

Mar 11, 2025


ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്കും ഐക്യത്തിനും മതസാഹോദര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖാഇദെ മില്ലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കേരളമാണ് ആ സന്ദേശം ഏറ്റെടുത്ത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന് മാതൃക കാണിച്ചത്. കേരളത്തിലാണ് അടിത്തട്ടില്‍ പാര്‍ട്ടിയെ സംഘടിപ്പിച്ചത്. തമിഴ്നാടിന് കേരളം പോലെ ഒരു മുന്നേറ്റം സാധിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിന് വേണ്ടി ശ്രമിക്കുകയാണ്. ദേശീയ കമ്മിറ്റി മറ്റു സംസ്ഥാനങ്ങളില്‍ മുസ്‌ലിംലീഗിനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ഖാഇദെ മില്ലത്ത് സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുസ്‌ലിംലീഗിന്റെ സന്ദേശം എത്തിക്കാന്‍ സാധിക്കും.- അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് വ്യത്യസ്തമായ ഒരു രാഷ്ട്രീയ സമാജമാണ്. ഭരണഘടന രാജ്യത്തിന്റെ പേരെഴുതിയത് ഇന്ത്യന്‍ യൂണിയന്‍ എന്നാണ്. ആ പേര് തന്നെയാണ് മുസ്‌ലിംലീഗും അതിന്റെ ഒന്നാമത്തെ അടയാളമായി സ്വീകരിച്ചത്. മുസ്‌ലിംലീഗ് ഒരു പാരമ്പര്യമാണ്. മുസ്ലിംലീഗിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു ഇ. അഹമ്മദ് സാഹിബെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ലോകത്തെ മുസ്‌ലിംകള്‍ക്കാകെ മാതൃകയാണ് ഈ രാഷ്ട്രീയ കൂട്ടായ്മ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സമുദായ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മുസ്ലിംലീഗിന്റെ സന്ദേശത്തെ ഹൃദയത്തില്‍ സ്വീകരിക്കുകയായിരുന്നു കേരളം. കേരളത്തെ എല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

By admin