ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 65 വയസ്സുള്ള പുരുഷനും 19 വയസ്സുകാരനും 18 കാരിക്കും വെടിയേറ്റു. 18 കാരിയായ പെണ്‍കുട്ടിക്ക് കഴുത്തിലാണ് വെടിയേറ്റത്. വെസ്റ്റ് 44-ാം സ്ട്രീറ്റും 7-ാം അവന്യൂവും കൂടുന്ന സ്ഥലത്ത് രണ്ട് പേര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ വെടിയേറ്റുവെന്നാണ് വിവരം.
പരിക്കേറ്റവര്‍ എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 17 കാരനായ ഒരു യുവാവിനെ സംഭവസ്ഥലത്ത് പിടികൂടി. തോക്കും കണ്ടെടുത്തു. പ്രായപരിധി കാരണം പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ഹാര്‍ഡ് റോക്ക് കഫേയ്ക്കു പുറത്തുള്ള തിരക്കേറിയ ടൂറിസ്റ്റ് പ്രദേശത്ത് നിന്ന് ആളുകള്‍ ഓടിപ്പോകുന്നത് കാണാം. 2025-ലെ ആദ്യ ഏഴ് മാസങ്ങളില്‍ അമേരിക്കയില്‍ 412 വെടിവെപ്പ് സംഭവങ്ങളില്‍ 489 പേര്‍ക്ക് പരിക്കേറ്റതായി കണക്കുകള്‍ പറയുന്നു. ജൂലൈയില്‍ ഒരു ഓഫീസ് കെട്ടിടത്തില്‍ നടന്ന കൂട്ടവെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിയായ 27 കാരനായ ഷെയ്ന്‍ തമുറ പിന്നീട് സ്വയം വെടിവെച്ചു മരിച്ചു.