
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ പ്രശസ്ത ചലച്ചിത്ര സംവിധായിക മീര നായരുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിയുടെ മാതാവ് കൂടിയായ മീര നായരുടെ പേര്, എപ്സ്റ്റീന്റെ പങ്കാളി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലുമായി ബന്ധപ്പെട്ട ഒരു ഇമെയിൽ സന്ദേശത്തിലാണ് പരാമർശിച്ചിരിക്കുന്നത്.അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളുടെ ഭാഗമായാണ് ഈ വിവരങ്ങളും പുറത്തുവന്നത്.
2009 ഒക്ടോബറിൽ പെഗ്ഗി സിഗൽ എന്ന വ്യക്തി എപ്സ്റ്റീന് അയച്ച ഇമെയിലിലാണ് മീര നായരെക്കുറിച്ച് പരാമർശിക്കുന്നത്. മീര നായർ സംവിധാനം ചെയ്ത ‘അമേലിയ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെ വസതിയിൽ നടന്ന വിരുന്നിനെക്കുറിച്ചായിരുന്നു സന്ദേശം. ബിൽ ക്ലിന്റൻ, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖർക്കൊപ്പം മീര നായരും ആ ചടങ്ങിൽ പങ്കെടുത്തിരുന്നതായി ഇമെയിൽ വ്യക്തമാക്കുന്നു. ഒരു ഒത്തുചേരലിൽ പങ്കെടുത്തു എന്ന നിലയിലാണ് മീര നായരുടെ പേര് പരാമർശിക്കപ്പെട്ടിട്ടുള്ളത്.
‘എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരം പൊതുജനങ്ങൾക്കും രാഷ്‌ട്രീയക്കാർക്കും വിവരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഫയലുകൾ പരസ്യപ്പെടുത്തിയത്. 2019-ൽ വിചാരണ നേരിടുന്നതിനിടെയാണ് എപ്സ്റ്റീൻ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തത്. ഉന്നതരായ വ്യക്തികളുമായി ഇയാൾക്കുണ്ടായിരുന്ന ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഓരോ രേഖകളും.