പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷന് സമീപം ഹൗറ മെയിലിന്റെ ജനറല്‍ കോച്ചിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി 10.30 ഓടെ അമൃത്സറില്‍നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ പടക്കം അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനമുണ്ടായത്.
അപകടത്തില്‍ ഒരു സ്ത്രീയടക്കം നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ഫത്തേഗഡ് സാഹിബ് സിവില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജഗ്മോഹന് സിങ് പറഞ്ഞു.
ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പടക്കങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.