ചണ്ഡീഗഡ്: പഞ്ചാബിലെ റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി) ഹര്‍ചരണ്‍ സിങ് ഭുള്ളര്‍ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ഫത്തേഗഢ് സാഹിബ് ജില്ലയിലെ സ്‌ക്രാപ് വ്യാപാരി ആകാശ് ബട്ടയില്‍നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാനായി എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റ് സമയം ഭുള്ളറിനൊപ്പം ഇടനിലക്കാരനായി കൃഷ്ണയെയും സിബിഐ പിടികൂടി.
പൊലിസ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്വത്തുക്കളും കണ്ടെടുത്തു. അഞ്ച് കോടി രൂപ, 1.5 കിലോ ആഭരണങ്ങള്‍, 22 ആഡംബര വാച്ചുകള്‍, ഓഡി, മെഴ്സിഡസ് കാറുകള്‍, ലോക്കറുകളുടെ താക്കോലുകള്‍, 40 ലിറ്റര്‍ ഇറക്കുമതി മദ്യക്കുപ്പികള്‍, പിസ്റ്റള്‍, റിവോള്‍വര്‍, ഡബിള്‍ ബാരല്‍ തോക്കുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇടനിലക്കാരനില്‍ നിന്ന് 21 ലക്ഷം രൂപയും സിബിഐ പിടിച്ചു. രണ്ട് പ്രതികളെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
2009 ബാച്ച് ഐപിഎസ് ഓഫീസറായ ഭുള്ളര്‍ പട്യാല, മൊഹാലി, സംഗ്രൂര്‍, ഖന്ന, ഹോഷിയാര്‍പൂര്‍, ഫത്തേഗഡ് സാഹിബ്, ഗുരുദാസ്പൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ പോലീസ് സൂപ്രണ്ട്, വിജിലന്‍സ് ബ്യൂറോയുടെ ജോയിന്റ് ഡയറക്ടര്‍ തുടങ്ങിയ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2021-ല്‍ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയക്കെതിരായ മയക്കുമരുന്ന് കടത്ത് കേസ് അന്വേഷിക്കുന്ന എസ്ഐടി ചുമതല അദ്ദേഹത്തിനായിരുന്നു. 2024 നവംബറിലാണ് ഭുള്ളര്‍ റോപ്പര്‍ റേഞ്ചിലെ ഡിഐജി ചുമതലയേറ്റത്.