ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ സഹസ്ര കോടികളുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് ചോക്സിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. ബെല്‍ജിയം പോലീസിന്റേതാണ് നടപടി.
സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് ശനിയാഴ്ചയാണ് 65-കാരനായ മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജയിലിലാണെന്ന് ‘എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു. മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബല്‍ജിയം പൗരത്വമുണ്ട്.
ബല്‍ജിയത്തില്‍ താമസിക്കുന്നതിനുള്ള പെര്‍മിറ്റിനായി മെഹുല്‍ ചോക്‌സി നല്‍കിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്.ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണു മെഹുല്‍ ചോക്‌സി. ലണ്ടന്‍ ജയിലില്‍ കഴിയുന്ന നീരവിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ബ്രിട്ടനിലെ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ കോടികളുടെ പിഎന്‍ബി (പഞ്ചാബ് നാഷണല്‍ ബാങ്ക്) തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ജനുവരി ആദ്യ വാരത്തോടെയാണ് ചോക്സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് കടന്നത്.
13,000 കോടി രൂപയുടെ പിഎന്‍ബി വായ്പ തട്ടിപ്പ് നടത്തിയ ചോക്‌സിയുടെ 2,565.9 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള പ്രത്യേക പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് ഇഡി പ്രസ്താവനയിൽ പറഞ്ഞിരുന്നു.