
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തൊഴിലാളിയായ ഷീബയ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു സംഭവം. പടക്കം നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
താല്‍ക്കാലിക ഷെഡ്ഡില്‍ വച്ചായിരുന്നു പടക്ക നിര്‍മാണം. അജിത, മഞ്ജു എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. മൂവരും പടക്ക നിര്‍മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പോലീസ് സ്ഥലത്തെത്തി.