
പാലക്കാട്: പട്ടാമ്പിയില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടി സിപിഐ ജില്ലാ കമ്മിറ്റി. സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
നിലവിലെ എംഎല്‍എ ആയ മുഹമ്മദ് മുഹ്‌സിന്‍ തന്നെ പട്ടാമ്പിയില്‍ മത്സരിച്ചാല്‍ മതിയെന്ന് പട്ടാമ്പി മണ്ഡലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുഹമ്മദ് മുഹ്‌സിനെ ഒഴിവാക്കിയാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടിക ജില്ലാ കമ്മിറ്റി തയാറാക്കിയത്. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഒകെ സൈതലവി, എഐവൈഎഫ് സംസ്ഥാന അധ്യക്ഷന്‍ കെ ഷാജഹാന്‍ എന്നിവരാണ് പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുള്ളത്.
മുഹമ്മദ് മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വത്തിലടക്കം ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തില്‍ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും.പട്ടാമ്പിയില്‍ രാജ്യസഭ എംപി പി. പി സുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും മുഹമ്മദ് മുഹ്‌സിനൊപ്പം ഉയര്‍ന്നിരുന്നു. മുഹമ്മദ് മുഹ്‌സിന് പകരം മറ്റൊരാളെ മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. നിലവിലെ എംഎല്‍എ കൂടിയായ മുഹ്‌സിനെ മത്സരിപ്പിക്കാനുള്ള മണ്ഡലം കമ്മിറ്റിയുടെ ഏകാഭിപ്രായം തള്ളികൊണ്ടാണിപ്പോള്‍ ജില്ലാ നേതൃത്വത്തിന്റെ നടപടി.