
മോസ്കോ: റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നല്‍കുന്ന എണ്ണവില്‍പന തടയുകയും 19ഓളം ഉപരോധങ്ങളാല്‍ റഷ്യയെ ഞെരുക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പുറത്തിറക്കി റഷ്യ.
ബ്യൂറെവെസ്റ്റ്‌നിക് എന്ന് പേരിട്ടിട്ടുള്ള ഈ ക്രൂയിസ് മിസൈല്‍ റഷ്യയുടെ ആക്രമണ ശേഷി പല മടങ്ങ് വര്‍ധിപ്പിക്കുന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള ദൂരം 9031 കിലോമീറ്റര്‍ ആണെങ്കില്‍, ബ്യൂറെവെസ്റ്റിനിക് മിസൈലിന്റെ പറക്കല്‍ ശേഷി 14000 കിലോമീറ്റര്‍ ആണ്. അതായത് അമേരിക്കയില്‍ ചെന്ന് വീഴാന്‍ ഈ ക്രൂയിസ് മിസൈലിന് ആകുമെന്നര്‍ത്ഥം.
മിസൈല്‍ പരീക്ഷണത്തിന് ശേഷം ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായ വലേറി ജെറാസിമോവുമായി പുടിന്‍ ടെലിവിഷനിലൂടെ സംഭാഷണം നടത്തിയിരുന്നു. ഈ ചടങ്ങില്‍ പട്ടാളവേഷത്തില്‍ പുടിന്‍ പ്രത്യക്ഷപ്പെട്ടത് ട്രംപിന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. റഷ്യ യുദ്ധത്തിനൊരുങ്ങി എന്നത് തന്നെയാണ് ഈ സന്ദേശം. സമാധാനവേഷക്കാരനായി ചമഞ്ഞ് റഷ്യയെ ഞെരുക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി രഹസ്യനീക്കം നടത്തുകയാണ് ട്രംപെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ യുഎസിനെ അടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
9000 കിലോമീറ്റര്‍ അകലെയുള്ള യുഎസിനെ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍
ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുന്നതാണ് ഈ മിസൈലെന്ന് റഷ്യ അവകാശപ്പെടുന്നു. 14000 കിലോമീറ്റര്‍ (8700 മൈല്‍) വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ ബ്യുറെവെനിസ്റ്റിക് മിസൈലിന് സാധിക്കും. കുത്തനെ മുകളിലേക്കും ഭൂമിയ്‌ക്ക് സമാന്തരമായി തിരശ്ചീനമായും പറക്കാന്‍ ബ്യൂറെവെസ്റ്റിനിക് മിസൈലിന് അനായാസം സാധിക്കും. ഭൂമിയുടെ നിരപ്പില്‍ നിന്നും 50 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ ശത്രുകേന്ദ്രത്തിലേക്ക് കുതിക്കാന്‍ കഴിയുമെന്നതിനാല്‍ റഡാറുകള്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലിന്റെ മറ്റൊരു പ്രത്യേകത. മിസൈല്‍ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണം റഷ്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണെന്ന് വീണ്ടും അടിവരയിടുന്നു. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചേര്‍ന്ന് റഷ്യയെ ഞെരുക്കാന്‍ ശ്രമിക്കുമ്പോള്‍, റഷ്യയുടെ ദേശീയ സുരക്ഷ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ക്രൂയിസ് മിസൈല്‍.
ബ്യൂറെവെസ്റ്റ്നിക്: ട്രംപിനുള്ള മറുപടി
നാറ്റോ സ്കൈഫാൾ എന്നാണ് ഈ മിസൈലിനെ വിളിക്കുന്നത്. 9M730 ബ്യൂറെവെസ്റ്റ്നിക് മിസൈല്‍ റഷ്യൻ ആക്രമണത്തിന്റെ കുന്തമുനയാണ്. എല്ലാ മിസൈൽ പ്രതിരോധങ്ങളെയും തകര്‍ത്ത് കുതിച്ചുപാഞ്ഞ് ആണവസ്ഫോടനം നടത്താന്‍ ബ്യുറെവെസ്റ്റിനിക് മിസൈലിന് സാധിക്കും. “ലോകത്ത് മറ്റാർക്കും ഇല്ലാത്ത ഒരു അതുല്യമായ ഉപകരണം’ എന്നാണ് പുടിൻ പട്ടാള ജനറല്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ഈ പുതിയ ആയുധത്തെപ്പറ്റി വിശേഷിപ്പിച്ചത്. പുടിനും ബ്യൂറെവെനിസ്റ്റിക് മിസൈല്‍ പുറത്തിറക്കുന്ന യോഗത്തില്‍ പട്ടാളവേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബർ 21 ന് നടത്തിയ പരീക്ഷണത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് പുടിന് കൈമാറി. ഈ പരീക്ഷണത്തിൽ മിസൈൽ 14,000 കിലോമീറ്റർ (8,700 മൈൽ) സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ തങ്ങി നില്‍ക്കുകയും ചെയ്തു. ആണവോർജ്ജം ഉപയോഗിച്ചാണ് മിസൈൽ പറന്നത്.
ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) നൽകുന്ന കണക്കുകൾ പ്രകാരം, ലോക ആണവായുധ ശേഖരത്തിന്റെ ഏകദേശം 87% റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണുള്ളത്. റഷ്യക്ക് 5,459 ആണവ യുദ്ധമുനകള്‍ ഉള്ളപ്പോൾ അമേരിക്കക്ക് 5,177 ആണവ പോര്‍മുനകലേ ഉള്ളൂ. ഈ കണക്കുകൾക്കിടയിലും, ബ്യൂറെവെസ്റ്റ്നിക്കിന്റെ അവതരണത്തോടെ റഷ്യ ആക്രമണശേഷിയുടെ കാര്യത്തില്‍ ആധിപത്യം ഉറപ്പിക്കുന്നു.