കൊച്ചി: ഭാരതത്തില്‍ ഉദയം ചെയ്ത ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളില്‍ നിന്ന് ഇതര മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് പട്ടികജാതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ലെന്ന സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ അറിയിച്ചു. പ്രലോഭിപ്പിച്ചും ഭാരതീയ മതങ്ങളെ ഇകഴ്‌ത്തിയും നടത്തിയിരുന്ന മതപരിവര്‍ത്തനങ്ങള്‍ക്കും, വനവാസി കടലോര മേഖലകളിലെ ചൂഷണങ്ങള്‍ക്കും ഒരു പരിധി വരെ തടയിടാന്‍ ഈ വിധി സഹായിക്കുമെന്നും ദേശീയ പ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളായി ഉന്നയിച്ചിരുന്ന ആവശ്യമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
തങ്ങളില്‍ ജാതി വ്യവസ്ഥയില്ലെന്ന് പറയുകയും മതം മാറി തങ്ങളിലേക്ക് വരുന്നവര്‍ക്ക് സംവരണവും പട്ടികജാതി അതിക്രമ നിരോധന നിയമത്തിന്റെ പരിരക്ഷയും വേണമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഇനി ആര്‍ക്കും അവകാശമില്ലായെന്നാണ് കോടതിവിധിയില്‍ കൂടി മനസിലാകുന്നത്. ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുണ്ടെന്ന ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കണമെന്നും, ജെ.ബി. കോശി കമ്മിഷന്റെ ശിപാര്‍ശകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധ്യതയുള്ളതാണ് വിധിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.