
പത്തനംതിട്ട: ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലായി ഉണ്ടായിരുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നും പഠനം നിര്‍ത്തിയതായി കണക്കുകള്‍. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 39,141 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 25,950 കുട്ടികളും ചേര്‍ത്ത് ആകെ 65,091 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളായിരുന്നു ഈ സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കാന്‍ എത്തുന്നില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. സപ്തംബര്‍ വരെയുള്ള ഹാജര്‍ നോക്കിയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.
പട്ടികവര്‍ഗ കുട്ടികളുടെ ക്രമാതീതമായ കൊഴിഞ്ഞു പോക്ക് മൂലം സംസ്ഥാനത്തെ ഈ വര്‍ഷം അറുപത് ഊര് വിദ്യാകേന്ദ്രങ്ങളാണ് പൂട്ടിയത്. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളെ കണ്ടെത്തിയാണ് ഊരു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി, പത്തനംതിട്ട എന്നീ ബിആര്‍സിയുടെ പരിധിയിലുള്ള കോട്ടപ്പാറ, മൂഴിയാര്‍, അട്ടത്തോട് ഊരുകളിലെ വിദ്യാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ച മട്ടാണ്. കൊഴിഞ്ഞുപോയ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഊര്‍ജ്ജിത നടപടി തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ദൈനംദിന ഹാജര്‍ അയക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. നേരത്തെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ ക്ലാസ്സില്‍ എത്തിയ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. വനമേഖലയില്‍ താമസിക്കുന്ന കുട്ടികളുടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള 336 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ശരാശരി 15 മുതല്‍ 20 കുട്ടികള്‍ ഓരോ പ്രതിഭാ കേന്ദ്രത്തിലും പഠിച്ചിരുന്നു .
കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ സമഗ്ര ശിക്ഷ കേരളത്തിന്റ മേല്‍നോട്ടത്തില്‍ ലിപി ഇല്ലാത്ത ഗോത്ര – മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആള്‍ക്കാരുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ അവരുടെ വാമൊഴി മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തി മാതൃഭാഷയിലൂടെ പഠിപ്പിച്ച് മലയാള പഠന മാധ്യമത്തിലേക്ക് കൊണ്ടുവരാനും അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും ഉള്ള പടിപ്പുറസി പദ്ധതിയും നിര്‍ത്തലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ‘പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ-(പിഎംശ്രീ)’യുമായി കരാര്‍ ഒപ്പിടാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് മുടങ്ങുകയാണ്. ഇതുമൂലം പിന്നാക്കമേഖലയിലെ ആയിരക്കണക്കിന് കുരുന്നുകകളുടെ വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണ്.