ബെംഗളൂരു : ധർമ്മസ്ഥലയെക്കുറിച്ചുള്ള തെറ്റായതും സത്യസന്ധമല്ലാത്തതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിലൂടെ യൂട്യൂബർ സമീർ കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടന സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകി.
യൂട്യൂബർ സമീർ ധർമ്മസ്ഥലയ്‌ക്കെതിരെ അപകീർത്തികരവും കൃത്രിമവുമായ പ്രചാരണം നടത്തിവരികയാണെന്നും, മതങ്ങൾക്കിടയിൽ വിദ്വേഷം വിതയ്‌ക്കാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും ഈ വീഡിയോകൾ ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പണത്തിനു വേണ്ടി ഹിന്ദു മതകേന്ദ്രത്തിനെതിരെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിലൂടെ മതകേന്ദ്രത്തിന് മാത്രമല്ല, അവിടെയുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിനും കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് പരാതിയിൽ പരാമർശിക്കുന്നു.
ഈ കേസ് ഗൗരവമായി കാണണമെന്നും സമീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരനായ ഹിന്ദു സംഘടന തലവൻ തേജസ് ഗൗഡ പോലീസിനോട് അഭ്യർത്ഥിച്ചു. അടുത്ത കാലത്തായി, മതപരമായ സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്നുണ്ടെന്നും അത്തരം പ്രവൃത്തികൾ തടയാൻ കർശന നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമീറിന്റെ ഗൂഢലോചന അന്വേഷിക്കാൻ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നൽകാനും നീക്കമുണ്ട്.
മാത്രമല്ല ധർമ്മസ്ഥലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബർമാർക്കെതിരെ ബിജെപി പ്രവർത്തകർ മാണ്ഡ്യ പോലീസിലും പരാതി നൽകി.ബിജെപി ജില്ലാ വക്താവ് സി.ടി. മഞ്ജുനാഥിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയിരിക്കുന്നത്.ധർമ്മസ്ഥല പോലുള്ള പുണ്യസ്ഥലത്തിനെതിരെ തേജോവധം ചെയ്യുന്നവർക്ക് പിന്നിൽ ഇടതുപക്ഷ ശക്തികളുടെ ഗൂഢാലോചന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.