
ദുബായ്: വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കി എന്ന സംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും ആദ്യം പ്രതികരിച്ച വേടന്‍ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞതോടെ പറഞ്ഞതു തിരുത്തി. മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടന്‍ തിരുത്തിപ്പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാര്‍ക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നല്‍കുന്നതാണ് അവാര്‍ഡെന്നും വേടന്‍ വിശദീകരിച്ചു.
ലൈംഗിക പീഡനക്കേസില്‍ പ്രതിയായ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്ക് മികച്ച ഗാനരചയിതാവെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മന്ത്രിയെ കുറ്റപ്പെടുത്തി സംസാരിച്ചത് പാലു കൊടുത്ത കൈക്കുതന്നെ കടിക്കുന്നതു പോലെയായി എന്ന് ഇടതു സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാംസ്‌കാരിക മന്ത്രിക്കെതിരായ പരാമര്‍ശം വേടന്‍ പിന്‍വലിച്ചത്.