• Sun. Nov 23rd, 2025

24×7 Live News

Apdin News

പതിനെട്ടിന്റെ തത്വപ്പൊരുള്‍

Byadmin

Nov 23, 2025



യ്യപ്പദര്‍ശനത്തിനായി ശബരിമല സന്നിധാനത്തേയ്‌ക്ക് വരുന്നവര്‍ പടികള്‍ പതിനെട്ട് കയറിയാണ് ഭഗവദ് സവിധത്തില്‍ എത്തുന്നത്. ഭക്തന്‍ തത്ത്വമസിപ്പൊരുളായ ഭഗവാനിലേയ്‌ക്ക് എത്താന്‍ പതിനെട്ട് പടവുകള്‍ താണ്ടണമെന്ന ഓര്‍മ്മിപ്പെടുത്തലാണ് ഈ പതിനെട്ടു പടികള്‍.

ശബരിമല ക്ഷേത്ര നിര്‍മ്മാണം ഏതുപ്രകാരം വേണമെന്ന് മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം എന്ന ഗ്രന്ഥത്തിന്റെ പത്താം അദ്ധ്യായത്തില്‍ കാണാം. പതിനെട്ടാം പടിയേക്കുറിച്ചു മണികണ്ഠസ്വാമി ഇങ്ങനെ പറയുന്നു: ‘ക്ഷേത്രത്തില്‍ എന്റെ ലിംഗപ്രതിഷ്ഠയുടെ കിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയ സോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ കടന്നാലേ നിര്‍ഗുണനായ എന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക് എന്നെ കാണാന്‍ കഴിയണം.”

പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചത് മണികണ്ഠ സ്വാമിയുടെ ഈ നിര്‍ദ്ദേശപ്രകാരം ആണെന്ന് ഇതേ ഗ്രന്ഥത്തിന്റെ പതിനഞ്ചാം അദ്ധായത്തില്‍ നിന്നു വ്യക്തമാകുന്നു. ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു:

കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് എന്നിവയാണ് പഞ്ചേന്ദ്രിയങ്ങള്‍.

അഷ്ടരാഗങ്ങളെ സൂചിപ്പിക്കുന്നു ആറുമുതല്‍ പതിമൂന്ന് വരെയുള്ള എട്ടു പടികള്‍.

കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയാണ് അഷ്ടരാഗങ്ങള്‍.

ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നവയാണ് പതിനാറു വരെയുള്ള അടുത്ത മൂന്ന് പടികള്‍. സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയാണ് ത്രിഗുണങ്ങള്‍.

അവസാന രണ്ടു പടികളായ പതിനേഴും പതിനെട്ടും വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞാനം) പ്രതിനിധാനം ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്. പുണ്യങ്ങളെ സ്വീകരിച്ചും പാപങ്ങളെ തിരസ്‌കരിച്ചും മാത്രമേ ഭകത്‌ന് അഥവാ സാധകന് ഈ ലോക ‘മായ’യില്‍ നിന്ന് മോചനം നേടാനാവൂ എന്ന തത്ത്വത്തിന്റെ ബോധ്യപ്പെടുത്തലാണ് ഈ 18
പടികള്‍.

പതിനെട്ട് മലകള്‍ ചേര്‍ന്നതാണ് ശബരിമലശാസ്താവിന്റെ പൂങ്കാവനം. ആ മലകളുടെ പേരുകള്‍ ഇങ്ങനെ:
1..കാളകെട്ടി
2. ഇഞ്ചിപ്പാറ
3. പുതുശ്ശേരിമല
4. കരിമല
5. നീലിമല
6. പൊന്നമ്പലമേട്
7. ചിറ്റമ്പലമേട്
8. മൈലാടുംമേട്
9. തലപ്പാറ
10. നിലയ്‌ക്കല്‍
11. ദേവന്‍മല
12. ശ്രീപാദമല
13. കല്‍ക്കിമല
14. മാതംഗമല
15. സുന്ദരമല
16. നാഗമല
17. ഗൗണ്ടമല
18. ശബരിമല

ഈ 18 മലകളെയാണ് പടികള്‍ ഓരോന്നും പ്രതിനിധീകരിക്കുന്നത് എന്നും ഒരു സങ്കല്‍പമുണ്ട്. പ്രകൃതിയോടു ചേര്‍ന്നലിയുന്ന ഭാരത സംസ്‌കൃതിക്ക് ഒത്തു പോകുന്ന സങ്കല്‍പ്പനമാണ് ഇതും.

ഓരോമലയുടേയും ദേവത ഓരോ പടിയിലായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം. അങ്ങനെ നോക്കുമ്പോള്‍ പതിനെട്ടു മലകള്‍ കടന്നുചെന്ന് മലദേവതകളെ വന്ദിച്ച് ശാസ്താവിനെ ദര്‍ശിക്കുന്നു എന്നതിന്റെ പ്രതീകമായും പടി പതിനെട്ടിനെയും കാണാം.

അസ്ത്രം മുതല്‍ ചുരിക വരെയുള്ള പതിനെട്ടുതരം ആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ ഓരോന്നും ഓരോ പടികളായി സങ്കല്‍പ്പിക്കപ്പെടുന്നു എന്നും ഒരു വിശ്വാസമുണ്ട്. ആയോധനാഭ്യാസങ്ങള്‍ക്കു പ്രാധാന്യമുണ്ടായിരുന്ന പഴയകാല സംസ്‌കൃതിയുടെ സങ്കല്‍പ്പനമായി ഇതിനെക്കാണാം.

വേദങ്ങള്‍ നാലും ശാസ്ത്രങ്ങള്‍ ആറും ചതുരുപായങ്ങളും ചതുര്‍വര്‍ണ്ണങ്ങളും ചേര്‍ന്നതാണ് പതിനെട്ടു പടിയുടെ പ്രതിനിനിധാന തത്ത്വം എന്നൊരു വ്യാഖ്യാനവുമുണ്ട്.
ഋക്ക്, യജ്ജുസ്, സാമം, അഥര്‍വ്വം എന്നിവയാണ് ചതുര്‍വ്വേദങ്ങള്‍.

ജ്യോതിഷം, കല്പം, നിരുക്തം, ശിക്ഷ, വ്യാകരണം, ഛന്ദസ്സ് എന്നിവയാണ് ആറ് ശാസ്ത്രങ്ങള്‍.

സാമം, ദാനം, ഭേദം, ദണ്ഡം ഇവയാണ് ചതുരുപായങ്ങള്‍.
ബ്രാഹ്‌മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവയാണ് നാലുവര്‍ണ്ണങ്ങള്‍.

ഇതിനെല്ലാം പുറമേ 18 എന്ന അക്കത്തിന് ഹിന്ദുമതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ നോക്കിയാല്‍ പ്രപഞ്ചത്തിന്റെ ആത്മാവ് തേടുന്ന മോക്ഷ വഴിയാണ് പതിനെട്ടു പടികള്‍ എന്നും കരുതാം.

By admin