
പത്തനംതിട്ട: ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും എന്‍ഡിഎ നില മെച്ചപ്പെടുത്തി. അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളിലായിരുന്നു ഭരണം. പന്തളം നഗരസഭ നഷ്ടമായെങ്കിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട നഗരസഭകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി.
പന്തളത്ത് ഏതുവിധേനയും ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും സിപിഎമ്മും എസ്ഡിപിഐ പോലുള്ള വര്‍ഗീയ സംഘടനകളുമായി രഹസ്യ ധാരണയില്‍ എത്തിയിരുന്നു. എന്നിട്ടും ഇവിടെ ഒമ്പത് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന അടൂര്‍ നഗരസഭയില്‍ ഇക്കുറി നാലു സീറ്റ് ബിജെപി നേടി എന്നു മാത്രമല്ല പല വാര്‍ഡുകളിലും രണ്ടാമതെത്താന്‍ സാധിച്ചു എന്നതും ശ്രദ്ധേയം.
39 വാര്‍ഡുകളുള്ള തിരുവല്ല നഗരസഭയില്‍ ഏഴിടത്ത് ബിജെപി വിജയിച്ചു. ഇവിടെ യുഡിഎഫിന് 18, എല്‍ ഡിഎഫിന് 11 എന്നിങ്ങനെയാണ് സീറ്റുനില. കഴിഞ്ഞ തവണ വിജയിക്കാന്‍ കഴിയാതിരുന്ന പത്തനംതിട്ട നഗരസഭയില്‍ ഇത്തവണ മയിലാട്പാറ വാര്‍ഡ് നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖില്‍ മഠത്തിലിന് കഴിഞ്ഞു.
പഞ്ചായത്ത് തലത്തില്‍ എന്‍ഡിഎ നടത്തിയ മുന്നേറ്റം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. ഇത്തവണ പന്തളം തെക്കേക്കര, ഓമല്ലൂര്‍, കുറ്റൂര്‍, കോട്ടാങ്ങല്‍, അയിരൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ എന്‍ഡിഎ ഒന്നാമതെത്തി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വോട്ടിങ് നില 20-22 ശതമാനമായി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു.
എസ്ഡിപിഐക്ക് സമ്പൂര്‍ണ പരാജയം
കഴിഞ്ഞ തവണ പത്തനംതിട്ട നഗരസഭയില്‍ സിപിഎമ്മിനെ പിന്തുണച്ച തീവ്രവാദ സംഘടനയായ എസ്ഡിപിഐക്ക് ഇത്തവണ ഒരു സീറ്റുപോലും ലഭിച്ചില്ല. 2021-ല്‍ പത്തനംതിട്ട കലാപത്തിന് നേതൃത്വം നല്‍കിയ കുലശേഖരപതിക്ക് ചുറ്റുമുള്ള മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
കുലശേഖരപതി വാര്‍ഡില്‍ മത്സരിച്ച മുഹമ്മദ് റാഷിദിന് 230 വോട്ടും അറബിക് കോളജ് വാര്‍ഡില്‍ മത്സരിച്ച എസ്. ഷാനിക്ക് 131 വോട്ടുകളുമാണ് ലഭിച്ചത്. ചുട്ടിപ്പാറ ഈസ്റ്റില്‍ മത്സരിച്ച അബ്ദുള്‍ സലാമിന് 265 വോട്ടുകള്‍ നേടാനായപ്പോള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ കണ്ണങ്കരയില്‍ മത്സരിച്ച ഷക്കീലയ്‌ക്ക് ലഭിച്ചത് വെറും 18 വോട്ട് മാത്രം. ടൗണ്‍ സ്‌ക്വയറില്‍ മത്സരിച്ച റൂബിയ നാസറിന് 247 വോട്ടുകള്‍ നേടാനായി. മത്സരിച്ച അഞ്ചു സീറ്റിലും പരാജയമായിരുന്നു ഫലം..
ശബരിമല വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് തുല്യ വോട്ട് ലഭിച്ചതോടെ ടോസിലൂടെയാണ് ഇവിടെ വിജയിയെ നിശ്ചയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിപിഎമ്മിലെ പി.എസ്. ഉത്തമനും കോണ്‍ഗ്രസിന്റെ അമ്പിളി സുജസിനും 268 വോട്ട് വീതമാണ ലഭിച്ചത്.
സിറ്റിംഗ്് സീറ്റായിരുന്ന ഇവിടെ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി രാജേഷിന് 232 വോട്ടാണ് ലഭിച്ചത്.പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിനാണ്. എല്‍ഡിഎഫ-10, യു.ഡി.എഫ-മൂന്ന്, എന്‍ഡിഎ- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ചരിത്രം തിരുത്തി, വന്മരങ്ങള്‍ വീണു
ജില്ലയില്‍ മത്സരിച്ച പ്രമുഖ സ്ഥാനാര്‍ഥികളില്‍ പലരും ജയിച്ചുകയറിയപ്പോള്‍ മറ്റുചിലര്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി. നാലര പതിറ്റാണ്ട്് നീണ്ട കോണ്‍ഗ്രസ് തട്ടകത്തിലാണ് എന്‍ഡിഎയുടെ തൃലോകനാഥ് ഹരിതകുങ്കുമ പതാക ഉറപ്പിച്ചത്. ഇടത്പക്ഷം മുഴുവനായി കോണ്‍ഗ്രസിന് വോട്ട് വിറ്റിട്ടും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തേരോട്ടം തടയാന്‍ കഴിഞ്ഞില്ല. കിഴക്കുംമുറിയില്‍ 412 വോട്ട് നേടിയാണ് ത്രിലോക നാഥന്‍ വാര്‍ഡില്‍ ജയിച്ചത്. കോണ്‍ഗ്രസിലെ ആര്‍ ജയകുമാര്‍-406, ക്ലാരമ്മ കൊച്ചീപ്പന്‍ മാപ്പിള- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)- 187 വോട്ട് നേടി. കാവുംഭാഗത്തെ ഇടത് സ്വതന്ത്രന്റെ പരാജയവും ചരിത്രം തിരുത്തി.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സുരേഷ് കാവുംഭാഗം 481 നേടി. 69 വോട്ടിന്റെ
ഭൂരിപക്ഷത്തിലാണ് വിജയം. സിപിഎം സ്വതന്ത്രന്‍ സി മത്തായി- സ്വതന്ത്രന്‍- 412, ആനന്ദന്‍-സ്വതന്ത്രന്‍- 12, എന്നിങ്ങനെയാണ് വോട്ട് നില. അഞ്ചല്‍കുറ്റികയില്‍ നിലവിലത്തെ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയവും ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ മൂപ്പത് വര്‍ഷത്തിന് മേല്‍ യൂഡിഎഫിനായിരുന്നു ഭരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സുജ മാത്യു കാഞ്ഞിരക്കാടിനെ സിപിഐ സ്ഥാനാര്‍ത്ഥി മിനു ജോബി 434 വോട്ട് നേടി 116 ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു.
ബിജെപിയിലെ അഡ്വ.നിത്യ നന്ദകുമാര്‍ 117 വോട്ട് നേടി നിലമെച്ചപ്പെടുത്തി.
ആഞ്ഞിലിമൂട് വാര്‍ഡില്‍ നിന്ന മുന്‍ നഗരസഭ ഉപാദ്ധ്യക്ഷന്‍ എന്‍സിപിയിലെ ജിജി വട്ടശേരില്‍ 286 മാത്രം നേടി പരാജയപ്പെട്ട. കേരള കോണ്‍ഗ്രസിന്റെ ഫിലിപ്പ് ജോര്‍ജിന് 476 വോട്ട് കിട്ടി. 190 വോട്ട് ഭൂരിപക്ഷം നേടിയാണ് വിജയം. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വീണ്ടും
ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പള്ളിക്കല്‍ ഡിവിഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രീനാദേവി കുഞ്ഞമ്മയുടെ ജയം. കഴിഞ്ഞതവണ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ രേഷ്മ
മറിയം റോയിക്ക് ഇത്തവണ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാലിടറി. മലയാലപ്പുഴ ഡിവിഷനില്‍ യുഡിഎഫിന്റെ അമ്പിളി ടീച്ചറോടായിരുന്നു രേഷ്മ മറിയം റോയിയുടെ പരാജയം. കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊല്ലൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് റോബിന്‍ പീറ്റര്‍ ജയിച്ചു. മെഴുവേലി പഞ്ചായത്തില്‍ മുന്‍ സിപിഎം എംഎല്‍എ കെ.സി.രാജഗോപാലന്‍ ജയിച്ചെങ്കിലും പഞ്ചായത്ത് യുഡിഎഫ് നേടി. മെഴുവേലിയില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുകയാണെങ്കില്‍ കെ.സി.ആര്‍ പഞ്ചായത്ത് പ്രസിഡന്റാകുമെന്നായിരുന്നു വിലയിരുത്തല്‍.