പത്തനംതിട്ടയില്‍ അമ്മയുടെ അറിവോടെ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയെയും ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്‌മോനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമാണ് അറസ്റ്റ്.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയമോനും കര്‍ണാടകയിലേക്ക് ഒളിവില്‍ പോയി. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം കൊലപാതക കേസിലെ പ്രതി കൂടിയാണ് ജയ്‌മോന്‍.