കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ 49 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ഇനി ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ പറഞ്ഞു.
അതേസമയം അറസ്റ്റിലായവരില്‍ അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ്.
ലൈംഗികാതിക്രമം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് എന്നിങ്ങനെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നതെങ്കിലും ക്രമേണ അന്വേഷണം അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചു.
അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളോടൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.