പത്തനംതിട്ട: പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ സൈബറിടങ്ങളിൽ പ്രചരിക്കുന്നു എന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പുസ്കങ്ങളാണ് ദിവസങ്ങൾക്ക് മുന്നേ ബ്ലോഗിൽ പബ്ലിഷ് ചെയ്തിരിക്കുന്നത്. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പ്രചരിക്കുന്നക്. ഈ വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പകർപ്പുകളാണിവ.
ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്തകങ്ങൾ, കെമിസ്ട്രിയുടെ മലയാളം മീഡിയത്തിലെ പുസ്തകം എന്നിവ ചോർന്നവയിലുണ്ട്. ബയോളജി പാഠങ്ങളുടെ പിഡിഎഫ് അതേപോലെയാണ് വന്നിട്ടുള്ളത്. എന്നാൽ, അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതാണ് കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ. ബയോളജി വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് അപ്‌ലോഡ് ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്ന അധ്യാപകർ ഉൾപ്പെടെ ഉള്ളടക്കം തയ്യാറാക്കുന്ന ബ്ലോഗിലാണ് പുസ്തങ്ങളുടെ പിഡിഎഫും സ്കാൻ ചെയ്ത് കോപ്പിയും ആദ്യം എത്തിയത്. ഇതിന് പിന്നാലെ അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ഇവ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
പത്താംക്ലാസിലെ മറ്റു വിഷയങ്ങളുടെ പുസ്തകങ്ങളുടെ ഓൺലൈൻ പകർപ്പുകളും കിട്ടുമെന്ന് അറിയിപ്പു കൊടുത്തിട്ടുണ്ട്. അവ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിലും ആ പുസ്തകങ്ങളിലെ ഓരോ അധ്യായത്തിലും എന്തൊക്കെയാണ് പഠിക്കാനുള്ളതെന്നതിന്റെ പട്ടിക മുഖപേജിൽ തന്നെ കൊടുത്തിട്ടുണ്ട്. ഓരോ പേജിന്റെയും ചുവടെ ബ്ലോഗിന്റെ വിലാസവും വാട്‌സാപ്പ് നമ്പറുമുണ്ട്.