തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.
വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.
ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.