തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് പമ്പയില്‍ നടത്തുന്ന അയ്യപ്പസംഗമത്തിലൂടെ നഷ്ടപ്പെടുത്തുന്നത് പമ്പയുടെ പവിത്രത.
സ്വന്തം ചിലവിലാണ് സാധാരണ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുന്നത്. എന്നാല്‍ ആഗോള സംഗമത്തിലെ അയ്യപ്പഭക്തരും കുടുംബാംഗങ്ങളും എത്തുന്നത് ദേവസ്വംബോര്‍ഡ് നല്‍കുന്ന വിമാനടിക്കറ്റിലൂടെ. കുടുംബാംഗങ്ങള്‍ക്ക് സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ട്.
ശബരിമലയിലേക്ക് വരുന്ന അയ്യപ്പഭക്തര്‍ സാധാരണ പമ്പയിലും സന്നിധാനത്തുമുള്ള വിരിയിലാണ് രാത്രികാലങ്ങളില്‍ വിശ്രമിക്കാറ്. എന്നാല്‍ സര്‍ക്കാരിന്റെ ഭക്തര്‍ വിരിവയ്‌ക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. വിമാനത്താവളങ്ങളില്‍ നിന്നും ഇവരെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും എത്തിക്കുന്നതിന് കെഎസ്ആര്‍ടിസിയുടെ 35 എസി ബസുകള്‍ക്ക് പുറമെ രമ്യാ ട്രാവല്‍സിന്റെ എസി ബസുകളും പണിക്കേഴ്‌സ് ട്രാവല്‍സിന്റെ വാഹനങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. സംഗമത്തിനായി പമ്പയില്‍ എത്തിക്കുന്നതും ഈ ബസുകളിലായിരിക്കും. താമസിക്കാനായി കുമരകത്ത് റിസോര്‍ട്ടുകള്‍, എരുമേലി, മുണ്ടക്കയം, ആങ്ങാംമൂഴി എന്നിവിടങ്ങളില്‍ ഹോം സ്റ്റേകള്‍, തിരുവനന്തപുരത്തും എറണാകുളത്തും പഞ്ചനക്ഷത്ര ഹോട്ടലുകളും ഏര്‍പ്പാടാക്കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് പന്തലിന്റെ നിര്‍മാണ ചുമതല. വിഐപികളെ പമ്പയില്‍ സ്വീകരിക്കാനും അയ്യപ്പസംഗമത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കുടിവെള്ളവും മറ്റും നല്‍കുന്നതിനായി 40 യുവതികളെയും ഏര്‍പ്പാടാക്കി. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ ഭാരവാഹിയായ കാറ്ററിംഗുകാര്‍ക്കാണ് ഭക്ഷണ കരാര്‍ നല്‍കിയിരിക്കുന്നത്. ബൊഫെ സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം പ്ലാസ്റ്റിക്കിന് നിയന്ത്രണം ഉള്ളപ്പോഴാണ് അയ്യായിരത്തിലധികം പ്ലാസ്റ്റിക് ബോട്ടില്‍ കുപ്പിവെള്ളം ഏര്‍പ്പാടാക്കിയിരിക്കുന്നത്. അമേരിക്കന്‍ ട്രോളി ബാഗാണ് ആഗോള അയ്യപ്പഭക്തര്‍ക്ക് സമ്മാനമായി നല്‍കുന്നത്. ബാഗില്‍ ഏലയ്‌ക്കാ, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉണ്ടാകും. അപ്പം അരവണക്കായി ഏലക്കാ, ചുക്കുപൊടി എന്നിവയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ക്കാണ് ഇതിന്റെ ചുമതല.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവന നല്‍കാന്‍ സാധിക്കുന്ന നാലു പേരെ കണ്ടെത്തി സംഗമത്തില്‍ പങ്കെടുപ്പിച്ചാല്‍ അതാത് സംസ്ഥാനത്തിന്റെ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആക്കും. പട്ടിക ദേവസ്വം ബോര്‍ഡിന് നേരത്തെ നല്‍കണം. കോടിക്കണക്കിന് രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഏര്‍പ്പെടുത്താന്‍ പോകുന്ന വിഐപി പരിഗണന ഈ കോഓര്‍ഡിനേറ്റര്‍മാര്‍ക്കും സന്നിധാനത്ത് ലഭിക്കും. ശബരിമല വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും ഇവര്‍ക്ക് പങ്കെടുക്കാം. പമ്പയില്‍ മതിയായ ശുചിമുറി സംവിധാനം ഇല്ല. തീര്‍ത്ഥാടന കാലത്ത് ശുചിമുറി സംബന്ധിച്ച് അയ്യപ്പഭക്തര്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ദേവസ്വം മരാമത്ത് കെട്ടിടത്തില്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ളതും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സേനയിലുള്ളവര്‍ക്ക് മാത്രവുമാണ്. അതിനാല്‍ ആഗോള അയ്യപ്പഭക്തര്‍ക്കായി ആധുനിക സംവിധാനത്തിലുള്ള താല്‍ക്കാലിക ടോയ്‌ലറ്റ് സംവിധാനം ഒരുക്കുന്നതിനാണ് നീക്കം.