
തമിഴകത്തിന്റെ മുൻനിര സൂപ്പർ താരമാണ് അജിത്ത്. ഒരുകാലത്ത് രജനികാന്ത് സിനിമകൾക്ക് എത്രത്തോളം ആവേശമാണോ സിനിമാസ്വാദകർക്ക് ഉണ്ടായിരിക്കുക, അത്രത്തോളം തന്നെ ആവേശം തല എന്ന് വിളിക്കുന്ന അജിത്ത് ചിത്രങ്ങൾക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെയുള്ള താരത്തിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
ക്ഷേത്രത്തിൽ തടിച്ചുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തിന്റെ വിളിപ്പേരായ ‘തല’ എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ഇതോടെ ആരാധകരോട് നിശബ്ദധ പാലിക്കാൻ അജിത് കുമാർ ആവശ്യപ്പെടുകയായിരുന്നു. ആരാധകരുടെ ആവേശം വകവയ്‌ക്കാതെ അദ്ദേഹത്തിന്റെ മാന്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ വിനയത്തെ എടുത്തുകാണിക്കുന്നുവെന്ന് ആരാധകർ പറയുന്നു.
ക്ഷേത്ര ദർശനത്തിനായി നടൻ കോട്ടൺ ഷർട്ടും സിൽക്ക് മുണ്ടും ധരിച്ചാണ് എത്തിയത്. ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചു. തുടക്കത്തിൽ അദ്ദേഹം മടിച്ചുനിന്നെങ്കിലും, ഒടുവിൽ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഒരു ആരാധകനൊപ്പം അദ്ദേഹം ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ആരാധകർക്ക് പുറമേ, ക്ഷേത്ര അധികൃതരുമൊത്ത് അദ്ദേഹം ഫോട്ടോകളും എടുത്തു.
പത്ത് മാസം നീണ്ട റേസിംഗ് സീസൺ പൂർത്തിയാക്കിയ ശേഷം അടുത്തിടെയാണ് അജിത് കുമാർ ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹം റൈഫിൾ ഷൂട്ടിംഗ് പരിശീലിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. കഴിഞ്ഞ ആഴ്ച അജിത് കുമാറും ഭാര്യ ശാലിനിയും മകൻ ആദ്വിക്കും പാലക്കാട്ടെ പെരുവെമ്പ് എന്ന സ്ഥലത്തുള്ള ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
അജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ശാലിനിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിച്ചിരുന്നു. ‘അനുഗ്രഹപൂർണമായ ഒത്തുചേരലിന്റെ ദിവസം’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ശാലിനി കുറിച്ചത്. ചിത്രം വൈറലായെങ്കിലും അജിത്തിന്റെ ടാറ്റൂവിലേക്കാണ് ആരാധകരുടെ കണ്ണുടക്കിയത്.
പരദേവതയായ ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് നെഞ്ചിൽ പച്ച കുത്തിയിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിരവധി പേരാണ് അജിത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുമായെത്തുന്നത്. ഇതിനു മുൻപും അജിത് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്‌മണ്യന്‍ പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്.