ന്യൂഡൽഹി ; മൗറീഷ്യസ് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം . “ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ” അവാർഡാണ് മോദിയ്‌ക്ക് സമ്മാനിച്ചത് .
ഈ അഭിമാനകരമായ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി . ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 21-ാമത് അന്താരാഷ്‌ട്ര അവാർഡാണിത്.
മൗറീഷ്യസിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ. രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന അസാധാരണ സേവനത്തിനാണ് ഇത് നൽകുന്നത്. ഈ വിശിഷ്ട അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്ര മോദിയെന്ന് നവീൻചന്ദ്ര രാംഗൂലം പറഞ്ഞു. നരേന്ദ്ര മോദി മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂളൂമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു നേതാക്കളും കൈമാറി.
മൗറീഷ്യസ് പ്രസിഡന്റിന് മഹാകുംഭമേളയിൽ നിന്നുള്ള പുണ്യജലമാണ് മോദി സമ്മാനിച്ചത്. ഒപ്പം ബീഹാറിൽ നിന്നുള്ള മഖാന ഉൾപ്പെടെ നിരവധി സമ്മാനങ്ങളും , മഹാഗണപതി പ്രതിമയും ഗോഖൂളിന് നൽകി.മൗറീഷ്യസ് പ്രസിഡന്റിന്റെ ഭാര്യ ബൃന്ദ ഗോഖൂളിന് ബനാറസി സാരിയാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.
ഒരു പതിറ്റാണ്ടിനുശേഷം രാജ്യത്തെത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. 2015 ലാണ് മോദി അവസാനമായി മൗറീഷ്യസ് സന്ദർശിച്ചത്. മൗറീഷ്യസ് വിദേശകാര്യ മന്ത്രി രാംഗൂലമും മറ്റ് നേതാക്കളും ആചാരപരമായ സ്വീകരണം നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.