വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതിനു പിന്നാലെ ഷാഫിക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണമെന്ന് വി ടി ബല്‍റാം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാണിക്കുന്ന അക്രമം അതിര് കടക്കുകയാണെന്ന് ബല്‍റാം പറഞ്ഞു. ഡിവൈഎഫ്ഐ അസഭ്യം വിളിച്ച് വായടപ്പിക്കാന്‍ കഴിയുന്ന ആളല്ല ഷാഫി പറമ്പിലെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
വടകര ടൗണില്‍ വച്ചാണ് ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ അവരോട് പ്രതികരിച്ചു. പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തെറി വിളിച്ചതില്‍ പ്രകോപിതനായി ഷാഫി വാഹനത്തില്‍ നിന്ന് ഇറങ്ങി. ”സമരം ചെയ്യാന്‍ അവകാശമുണ്ട് എന്നാല്‍ തെറി വിളിച്ചാല്‍ അത് കേട്ട് പോകാന്‍ വേറെ ആളെ നോക്കണം” എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.