• Mon. Jan 27th, 2025

24×7 Live News

Apdin News

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വെറും പാഴ് വാക്കായി – Chandrika Daily

Byadmin

Jan 27, 2025


22 പേരുടെ ജീവന്‍ നഷ്ടമായ താനൂര്‍ ബോട്ടപകടത്തില്‍ മറ്റു പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാഴ് വാക്കായി. ചികിത്സാ ചെലവ് അനുവദിക്കുന്നതില്‍ ജുഡീഷ്യല്‍ കമ്മീഷന് തീരുമാനമെടുക്കാമെന്ന് തുറമുഖ വകുപ്പ് മന്ത്രി നിര്‍ദേശിച്ചിരുന്നെങ്കിലും കമ്മീഷന്‍ കൈമലര്‍ത്തുകയാണ്. ഗുരുതര പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥായിലാണ് രക്ഷിതാക്കള്‍.

2024 ജൂലൈ ഒമ്പതിന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയസഭയില്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നു. ആറ് മാസത്തിനിപ്പുറവും ഒരു സഹായവും ആര്‍ക്കും കിട്ടിയിട്ടില്ല. ഭാര്യയും മകനുമകടക്കം കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട ജാബിര്‍ അടക്കമുള്ളവര്‍ മക്കളുടെ ചികിത്സക്കായി വഴിമുട്ടിയ അവസ്ഥയിലാണ്.

ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് മോഹനന്‍ കമ്മീഷന് മുന്നില്‍ ചികിത്സാ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിന് വിപരീതമായി സര്‍ക്കാര്‍ അഭിഭാഷകന്‍ സിറ്റിങ്ങില്‍ നിലപാടെടുത്തു. കമ്മീഷന് നഷ്ടപരിഹാരം അനുവദിക്കാന്‍ അധികാരമില്ലെനന്നായിരുന്നു വിശദീകരണം. സാങ്കേതികത്വം പറഞ്ഞ് ജസ്റ്റിസ് മോഹനന്‍ കമ്മീഷനും കൈമലര്‍ത്തി.

വിദഗ്ധ ചികിത്സ ആവശ്യമുള്ള മൂന്ന് കുട്ടികള്‍ക്കും അതിജീവനത്തിന് സര്‍ക്കാര്‍ സഹായം കൂടിയേ തീരൂ. ചികിത്സാ സഹായം അനുവദിക്കുന്നതില്‍ കൃത്യതയുള്ള തീരുമാനവും പ്രായോഗിക നടപടിയും മാത്രമാണ് മക്കള്‍ക്കായി ഇവര്‍ ആവശ്യപ്പെടുന്നത്. 2023 മെയ് ഏഴിനായിരുന്നു 22 ജീവന്‍ പൊലിഞ്ഞ താനൂര്‍ ബോട്ട് ദുരന്തം.



By admin