ബ്രസീലിനും ഉറുഗ്വായിക്കുമെതിരായ ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനക്കായി സൂപ്പര്‍താരം ലൗട്ടാരോ മാര്‍ട്ടിനെസും കളിക്കില്ല. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇന്റര്‍ മിലാന്‍ നായകന്‍ ടീമില്‍നിന്ന് പുറത്തായത്.
പരിക്കേറ്റ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ടീമിന് പുറത്തായിരുന്നു. ഈമാസം 21ന് ഉറുഗ്വായിക്കെതിരെയും 25ന് ബ്യൂണസ് ഐറിസില്‍ ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍. താരം കളിക്കില്ലെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും (എ.എഫ്.എ) സ്ഥിരീകരിച്ചു. ഇന്റര്‍ മിലാനായി കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ തന്നെ താരത്തെ പരിക്ക് അലട്ടിയിരുന്നു.
കഴിഞ്ഞദിവസം നടത്തിയ വൈദ്യ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് താരം ടീമിനു പുറത്തായത്. കാലിന്റെ പേശിക്കേറ്റ പരിക്കു കാരണം മുന്നേറ്റ താരം ലൗട്ടാരോ മാര്‍ട്ടിനെസ് ലോകകപ്പ് യോഗ്യത മത്സരം കളിക്കാനുണ്ടാകില്ലെന്ന് എ.എഫ്.എ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ററിന് വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് കളിക്കാന്‍ സാധിക്കുമെന്ന് താരവും ക്ലബ്ബും വിലയിരുത്തുന്നു.
താരം ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. നിര്‍ണായക മത്സരം കളിക്കാനിറങ്ങുന്ന അര്‍ജന്റീനയുടെ അറ്റാക്കിങ്ങിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ അഭാവം എങ്ങനെ നികത്താനാകുമെന്ന ആലോചനയിലാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി. കഴിഞ്ഞദിവസം സീരി എയില്‍ അറ്റ്‌ലാന്റക്കെതിരായ മത്സരത്തില്‍ മാര്‍ട്ടിനെസ് വലകുലുക്കിയിരുന്നു. താരത്തിന്റെ അസാന്നിധ്യം മറികടക്കാനായി അത്‌ലറ്റികോ മഡ്രിഡിന്റെ ജൂലിയന്‍ അല്‍വാരസിനെ മുഖ്യ സ്‌െ്രെടക്കറായി കളിപ്പിച്ചേക്കും. നിക്കോളാസ് ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ എന്നിവരാണ് ടീമിലെ മറ്റു മുന്നേറ്റ താരങ്ങള്‍. ലൗട്ടാരോയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍ണാച്ചോ ടീമിലെത്തിയേക്കും.
അര്‍ജന്റീനക്കെതിരായ മത്സരത്തില്‍നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പരിക്കുമൂലം പുറത്തായിരുന്നു. ഇതോടെ മെസ്സിനെയ്മര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലായി.