നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് നോട്ടീസ് അയക്കും. രാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
അതേസമയം, നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.