• Thu. Jan 22nd, 2026

24×7 Live News

Apdin News

പര്യയ ഘോഷയാത്രയിൽ കാവി പതാക വീശി; ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

Byadmin

Jan 22, 2026



ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണമഠം പര്യയ ഘോഷയാത്രയിൽ ഡെപ്യൂട്ടി കമ്മിഷണർ ‘ഓം’ ആലേഖനം ചെയ്ത കാവി പതാക വീശിയതിനെതിരെ കോൺഗ്രസ് ജില്ലാ ഘടകം. ഇക്കഴിഞ്ഞ 18ന് ഷിരൂർ മഠാധിപതി വേദവർദ്ധന തീർത്ഥസ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് ഡെപ്യൂട്ടി കമ്മിഷണർ ടി കെ സ്വരൂപ കാവിപ്പതാകയേന്തിയത്.

സ്വരൂപയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റിയുടെ നിയമ-മനുഷ്യാവകാശ സെൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തയച്ചു. ഡെപ്യൂട്ടി കമ്മിഷണർ ഏന്തിയത് ആർഎസ്എസിന്റെ പതാകയാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഉഡുപ്പിയിലെ ബിജെപി എംഎൽഎ യശ്പാൽ സുവർണ ആർഎസ്എസ് പതാകയാണ് ഡെപ്യൂട്ടി കമ്മിഷണർക്ക് കൈമാറിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

എന്നാൽ താൻ ഔദ്യോഗിക പരിപാടിയിലാണ് പങ്കെടുത്തതെന്നും രാഷ്‌ട്രീയ പ്രേരിതമായ പങ്കാളിത്തം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ ടി കെ സ്വരൂപ പറഞ്ഞു. 2026-28വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂർ മഠത്തിന് കൈമാറുന്നതിന്റെ ഭാഗമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എട്ട് മഠങ്ങൾ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നടത്തുന്നത്. ഭരണച്ചുമതല മാറുന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കാറുണ്ട്. ചടങ്ങുകൾക്ക് വൻ ജനാവലിയും എത്താറുണ്ട്.

ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിന്റെ ദ്വിവത്സര പര്യായോത്സവ പരിപാടിയുടെ ഭാഗമായി, ഉഡുപ്പി സിറ്റി കൗൺസിലിന്റെ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലുള്ള എന്റെ കടമകളുടെ ഭാഗമായി സ്വാമിജിയുടെ പ്രസ്തുത പുരപ്രവേശ പരിപാടി ഞാൻ ഫ്ലാഗ് ഓഫ് ചെയ്തു. അതുപോലെ, പുതിയ പര്യായ സ്വാമിജിക്കുള്ള പൗര ബഹുമതി പരിപാടിയിലും സ്വാമിജി സർവജ്ഞ പീഠത്തിൽ കയറിയതിനുശേഷം നടന്ന ദർബാർ പരിപാടിയിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. രാഷ്‌ട്രീയ പ്രേരിതമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല എന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു, സ്വരൂപ പ്രസ്താവനയിൽ പറഞ്ഞു.

കോൺഗ്രസ് നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. ‘ഇതൊരു പരമ്പരാഗത ഹിന്ദു ഉത്സവമാണ്. അവിടെ ഉപയോഗിക്കുന്ന പതാക വെറുമൊരു പതാകയാണ്. അത് പാകിസ്ഥാന്റെ പതാകയല്ല. അങ്ങനെയുള്ള പതാക ഡെപ്യൂട്ടി കമ്മിഷണർ ഏന്തിയതിൽ ഒരു തെറ്റും കാണുന്നില്ല’- ബിജെപി വ്യക്തമാക്കി.

By admin