• Wed. Aug 20th, 2025

24×7 Live News

Apdin News

പറവൂരില്‍ യുവതി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; സംസ്‌കാരം ഇന്ന്

Byadmin

Aug 20, 2025


എറണാകുളം പറവൂരില്‍ വട്ടിപ്പലിശക്കാരുടെ ഭീഷണിക്കു പിന്നാലെ പുഴയില്‍ ചാടി ജീവനൊടുക്കിയ വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്. കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് മരിച്ചത്. നിരന്തര ഭീഷണിയില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കും.

പലിശക്കാര്‍ മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ കുടുംബം പറഞ്ഞു. പണമിടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് തേടും.

കോട്ടുവള്ളി സ്വദേശിയായ ദമ്പതികളില്‍ നിന്നാണ് ഇവര്‍ 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ ഇവര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തി ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തി.

ഇതിനു പിന്നാലെ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.

ആശ ബെന്നിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.

By admin