• Sat. Apr 5th, 2025 7:10:27 PM

24×7 Live News

Apdin News

“പലസ്തീനെ അനുകൂലിച്ച 300 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ടാകും, യുഎസില്‍ വരുന്നത് ഡിഗ്രിയെടുക്കാന്‍, ലൈബ്രറി തല്ലിപ്പൊളിക്കാനല്ല”

Byadmin

Mar 30, 2025


വാഷിംഗ്ടണ്‍ :യുഎസില്‍ പലസ്തീനെ അനുകൂലിച്ച് പ്രതിഷേധങ്ങള്‍ക്കിറങ്ങിയ 300 വിദ്യാര്‍ത്ഥികളുടെ വിസയെങ്കിലും റദ്ദാക്കിയിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

ഇത്തരം വിദ്യാര്‍ത്ഥികളെ നിരന്തരം യുഎസ് രഹസ്യ ഏജന്‍റുമാര്‍ പിന്തുടരും. പിന്നീട് പൊടുന്നനെ പിടികൂടുകയും ചെയ്യും. ഇതിന് ഉദാരണമായിരുന്നു പലസ്തീന്‍ അനുകൂല ലേഖനം എഴുതിയ യുഎസിലെ ടഫ് റ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി റുമൈസ ഒസ്തുര്‍ക്കിനെ പിടികൂടിയ സംഭവം. പട്ടാപ്പകലാണ് മുഖംമൂടി ധരിച്ച അമേരിക്കന്‍ ഏജന്‍റ് ഇവരെ പിടികൂടിയത്. ഇവര്‍ ഹമാസ് അനുകൂല പ്രവര്‍ത്തനങ്ങളില്‍ രഹസ്യമായി ഏര്‍പ്പെട്ടിരുന്നതായും അമേരിക്കയുടെ ഹോംലാന്‍റ് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു. എഫ് വണ്‍ വിസയിലാണ് ഇവര്‍ അമേരിക്കയില്‍ എത്തിയത്.

“ഇത്തരം വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ കലാപവും അക്രമവും ഉണ്ടാക്കുന്നു. കാമ്പസിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നു. ഇവിടെ യുഎസില്‍ വളരെ ചെലവേറിയ കോളെജുകള്‍ ഉണ്ട്. അവിടെ പണം കടം വാങ്ങിയാണ് പല രക്ഷിതാക്കളും മക്കളെ പഠിക്കാന്‍ അയയ്‌ക്കുന്നത്. ഭ്രാന്തന്മാരായ ചില വിദ്യാര്‍ത്ഥികള്‍ മുഖം മൂടി ധരിച്ചെത്തി സമരത്തിന് മറ്റ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. ഇത് ഇനി അനുവദിക്കാന്‍ കഴിയില്ല.” -യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പലരും കാമ്പസിനെ അരാജകമാക്കുന്നു. മറ്റ് വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുന്നു. വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ വിസ നല്‍കുന്നത് പഠിച്ച് ഡിഗ്രിയെടുക്കാനാണ്. അല്ലാതെ ലൈബ്രറി തല്ലിപ്പൊളിക്കാനും ജൂതവിദ്യാര്‍ത്ഥികളെ തെരുവില്‍ നേരിടാനും അല്ല. – യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തന്റെ നയം വ്യക്തമാക്കി.

കൊളംബിയ യുണിവേഴ്സിറ്റി ഉള്‍പ്പെടെ പല യുഎസ് സര്‍വ്വകലാശാലകളിലും പലസ്തീന്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഇസ്രയേല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണവും വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് ട്രംപ് സര്‍ക്കാര്‍. അത്തരം വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് നാടുകടത്തുകയാണ്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ യുഎസ് വിടേണ്ടതായി വന്നു.

പലസ്തീനെ അനുകൂലിച്ച് പ്രകടനത്തിനിറങ്ങുന്ന ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേകിച്ചും ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതോടെ കുറഞ്ഞു. കാരണം വിസ നഷ്ടപ്പെടും എന്നതിനാല്‍ പലവട്ടം ചിന്തിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍.



By admin