• Mon. Sep 22nd, 2025

24×7 Live News

Apdin News

‘പലസ്തീന്‍ എന്ന രാഷ്ട്രം ഇനിയുണ്ടാകില്ല; യുഎസില്‍ നിന്ന് തിരിച്ചെത്തിയാല്‍ മറുപടി’: നെതന്യാഹു

Byadmin

Sep 22, 2025


ടെല്‍ അവീവ്: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം തീവ്രവാദത്തിനുള്ള സമ്മാനമാണെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഇതിന് മറുപടി നല്‍കുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി നെതന്യാഹു രംഗത്തെത്തിയത്. ഇത് നേതാക്കള്‍ക്കുള്ള തന്റെ കൃത്യമായ സന്ദേശമെന്ന് പറഞ്ഞുകൊണ്ടാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള നീക്കം നടക്കില്ലെന്ന് നെതന്യാഹു തുറന്നടിച്ചത്. ഇത് തീവ്രവാദത്തിന് നിങ്ങള്‍ നല്‍കുന്ന വലിയ സമ്മാനമാണ്. നിങ്ങള്‍ക്ക് മറ്റൊരു സന്ദേശം കൂടി താന്‍ നല്‍കുകയാണ്. അത് നടക്കാന്‍ പോകുന്നില്ല (പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം). ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് പലസ്തീന്‍ രാഷ്ട്രമുണ്ടാകില്ല. തീവ്രവാദ രാഷ്ട്രങ്ങള്‍ക്ക് താന്‍ കടിഞ്ഞാണിട്ടു. അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയും നിശ്ചയദാര്‍ഢ്യത്തോടെയുമാണ് തങ്ങള്‍ ഇത് നടപ്പിലാക്കിയത്. ജൂദിയയിലും സമാരിയയിലും ജൂത കുടിയേറ്റം തങ്ങള്‍ ഇരട്ടിയാക്കി. ഇത് തങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായായിരുന്നു യുകെയും കാനഡയും ഓസ്‌ട്രേലിയയും പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം
പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്. ഗാസയില്‍ തടവിലുള്ള ബന്ധികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടതായി സ്റ്റാര്‍മര്‍ പറഞ്ഞു. പലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണമെന്നും പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പലസ്തീനെ രാഷ്ട്രമാക്കാനുള്ള നീക്കം ഹമാസിനുള്ള പ്രതിഫലമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫ്രാന്‍സും ബെല്‍ജിയവും പലസ്തീന്‍ രാഷ്ട്രം വേണമെന്ന നിലപാടിലാണ്. ഇവരും ഉടന്‍ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കും.

 

By admin