നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി യാത്രകള്‍ക്ക് ഉപയോഗിച്ചിരുന്നത് ആഢംബര കാര്‍. എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതേസമയം വാഹനം പണയത്തിന് എടുത്തതാണെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. കാര്‍ എടുക്കുന്നതിനായി അമ്മയെ കൊണ്ട് ലോണ്‍ എടുപ്പിച്ചതായും പള്‍സര്‍ സുനി മൊഴി നല്‍കി.
കാര്‍ പണയത്തിന് എടുത്തത് രണ്ടരലക്ഷം രൂപയ്ക്കാണ്. അതേസമയം പള്‍സര്‍ സുനി കൂടുതലും വിളിച്ചിരുന്നത് വാട്‌സ്ആപ്പ് കോളുകളാണ് എന്നും പൊലീസ് കണ്ടെത്തി. സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പൊലീസ് അന്വേഷിക്കും.
ഹോട്ടലില്‍ അതിക്രമം നടത്തിയ കേസുമായി ബന്ധപ്പെട്ട് സുനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ തിങ്കളാഴ്ച വിട്ടിരുന്നു. അതേസമയം ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്.
നിലവില്‍ ഹോട്ടലില്‍ അതിക്രമം നടത്തിയ കേസുകൂടി ഉള്ളതിനാല്‍ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച് വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.
എറണാകുളം രായമംഗലത്തുള്ള ഹോട്ടലില്‍ ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ പള്‍സര്‍ സുനി ഭീഷണിയുയര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നതാണ് കേസ്. ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ കുറുപ്പുംപടി പൊലീസ് ആണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.