• Fri. Mar 14th, 2025

24×7 Live News

Apdin News

പശ്ചിമബംഗാളിലെ ഈ നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം; എതിര്‍പ്പുമായി ബിജെപി

Byadmin

Mar 13, 2025


ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശാന്തിനികേതനിലെ ബിര്‍ഭും ജില്ലയിലെ സോനാജ്ഹുരി ഹാത്തില്‍ ഇത്തവണ ഹോളി ആഘോഷങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ നിരോധിച്ചത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല ക്യാംപസിനടുത്താണ് പ്രശസ്തമായ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.

സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. ’’ ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,’’ ഡിഎഫ്ഒ പറഞ്ഞു.

’’ ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,’’ അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.

By admin