പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരവാദിയെന്ന് എന്‍ഐഎ കണ്ടെത്തല്‍. പാകിസ്താന്‍ തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ അംഗവും പാകിസ്താന്‍ ആര്‍മിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോയുമാണ് ഹാഷിം മൂസ.
ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണ് എന്ന വിവരവും പുറത്തു വരുന്നു. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.