• Sun. Aug 3rd, 2025

24×7 Live News

Apdin News

പഹല്‍ഗാമില്‍ വന്ന പാക് ഭീകരര്‍ മതം ചോദിച്ചില്ലെന്ന് കപില്‍ സിബലും കൂട്ടരും; കലിമ ചൊല്ലിച്ചത് പിന്നെ ആരാണ്?

Byadmin

Aug 3, 2025



ന്യൂദല്‍ഹി: പഹല്‍ഗാമിലെ ബൈസാരന്‍ താഴ് വരയില്‍ 26 ഇന്ത്യക്കാരായ വിനോദസഞ്ചാരികളെ മതം ചോദിച്ചല്ല പാക് ഭീകരര്‍ വെടിവെച്ചതെന്ന് ഇന്ത്യയിലെ പ്രതിപക്ഷനേതാക്കളായ കപില്‍ സിബല്‍, ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യയും എംപിയുമായ സാഗരിക ഘോഷ്, അസം കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി, ഉദ്ധവ് താക്കറെ പക്ഷം എംപിയായ സഞ്ജയ് റാവത്ത് എന്നിവര്‍. ഒരു യൂട്യൂബ് ചാനല്‍ ചര്‍ച്ചയിലാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.

പഹല്‍ഗാം ആക്രമണത്തിനായി അവിടുത്തെ ബൈസാരന്‍ താഴ് വരയിലേക്ക് ഭീകരര്‍ വന്നപ്പോള്‍ ഒരു ഷെഡ്ഡില്‍ ഒളിച്ചിരിക്കുകയായിരുന്നു 54 കാരനായ സന്തോഷ് ജഗ്ദാലെ എന്ന ടൂറിസ്റ്റ്. ഉടനെ അയാളെ വിളിച്ച് ഇസ്ലാമിക മന്ത്രമായ കലിമ ചൊല്ലാന്‍ പാക് ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് അത് ചൊല്ലാന്‍ കഴിയാതിരുന്ന ഉടനെ മൂന്ന് തവണയാണ് ഭീകരര്‍ അയാളുടെ നേരെ നിറയൊഴിച്ചത്. ഒരെണ്ണം തലയിലും രണ്ടാമത്തേത് പിന്നിലും മൂന്നാമത്തേത് ചെവിയിലും ആയിരുന്നു. സന്തോഷ് ജഗ്ദാലെ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഇതേക്കുറിച്ച് പൂനെയിലെ ബിസിനസുകാരനായ സന്തോഷ് ജഗ്ദാലെയുടെ 26 വയസ്സായ മകള്‍ തന്നെയാണ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത്. അച്ഛനെ വെടിവെച്ച് കൊന്ന ശേഷം കലിമ ചൊല്ലാത്തതിന്റെ പേരില്‍ അമ്മാവനെയും ഭീകരര്‍ കൊന്നു. അതുപോലെ അസം യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ദേബാശിശ് ഭട്ടാചാര്യ കലിമ ചൊല്ലിയത് കാരണം ഭീകരരുടെ തോക്കിന്‍ മുനയില്‍ നിന്നും രക്ഷപ്പെട്ട കഥയും പുറത്തുവന്നിരുന്നു.

ടൂറിസ്റ്റുകളെക്കൊണ്ട് ഭീകരന്‍ കലിമ ചൊല്ലിച്ചു എന്നത് എല്ലാ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. എന്നിട്ടും അത് നിഷേധിക്കാന്‍ എങ്ങിനെയാണ് ഉത്തരവാദപ്പെട്ട പ്രതിപക്ഷ എംപിമാര്‍ക്ക് കഴിയുന്നതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ നിരവധി സാധാരണക്കാര്‍ ഉയര്‍ത്തുന്നത്. ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്ന് പറഞ്ഞ പി.ചിദംബരം പോലുള്ളവര്‍ നാണം കെട്ടതിന് പിന്നാലെ വീണ്ടും പ്രതിപക്ഷ എംപിമാര്‍ നുണകള്‍ ആവര്‍ത്തിക്കുക വഴി കോമാളികളായി മാറുകയാണ്. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനും പാകിസ്ഥാനെ രക്ഷിക്കാനും പല രീതികളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ശ്രമം തുടരുകയാണ്.

By admin