• Mon. Apr 28th, 2025

24×7 Live News

Apdin News

പഹൽഗാം ഭീകരാക്രമണം; ആൻ്റോ ആൻ്റണിയുടെ പാക് അനുകൂല പ്രസ്താവനകളിൽ സംശയം: എൻ.ഹരി

Byadmin

Apr 27, 2025


കോട്ടയം : രാജ്യം ഭീകരാക്രമണം നേരിടുമ്പോൾ ദേശവിരുദ്ധ പ്രസ്താവന നടത്തുന്ന ആന്റോ ആൻറണി എംപിയുടെ നിലപാടുകൾ സംശയാസ്പദമാണെന്ന് ബിജെപി നേതാവ് എൻ. ഹരി. പുൽവാമയിൽ 42 ധീര സൈനികർ ആക്രമണത്തിൽ വീരമൃതു വരിച്ചപ്പോൾപാക്കിസ്ഥാൻ അനുകൂല പ്രസ്താവന നടത്തിയ ജനപ്രതിനിധിയാണ് ആന്റോ. രാജ്യത്തിനുള്ളിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാന് എന്ത് പങ്കാണെന്നാണ് അന്ന് ആന്റോ ചോദിച്ചത്. ആൻ്റോയുടെ പാക്ക് അനുകൂല പ്രസ്താവന രാജ്യത്തെ ദേശാഭിമാനികളെ ആകെ ഞെട്ടിച്ചുവെന്നും ഹരി പറഞ്ഞു.

ഇപ്പോൾ പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകര സംഘടന നിറയൊഴിച്ചപ്പോഴും ആന്റോ പഴയ പല്ലവി ഏറ്റുപാടുകയാണ്. ഭാരത സർക്കാരിനെ കുറ്റപ്പെടുത്തുകയും പാക്കിസ്ഥാനെ വരികൾക്കിടയിൽ വെള്ളപൂശുകയും ചെയ്യുകയാണ് ഇപ്പോഴും ആന്റോ ചെയ്തത്. ഭാരതമണ്ണിൽ ജീവിക്കുകയും ഇവിടുത്തെ പ്രാണവായു ശ്വസിക്കുകയും ചെയ്യുന്ന ഒരു ഭാരതീയനും ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാൻ കഴിയില്ല. വിദേശരാജ്യങ്ങൾ എല്ലാം തന്നെ പഹൽഗാം ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജിയും ഭാരത സർക്കാരും സ്വീകരിച്ച നടപടികളെ പിന്തുണയ്‌ക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോഴാണ് ഇത്.

രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു പാർലമെൻറ് അംഗത്തിന് ഇത് ചേർന്നതാണോ എന്ന് പരിശോധിക്കണം. ആൻ്റോ തുടർച്ചയായി നടത്തുന്ന ദേശവിരുദ്ധ പ്രസ്താവനകളുടെ പിന്നിൽ വോട്ടുബാങ്ക് പ്രീണനം മാത്രമാണോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനപ്പുറത്തേക്ക് മറ്റേതെങ്കിലും ബാഹ്യ ശക്തികളുടെ പ്രേരണ ഉണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

വഖഫ് വിഷയത്തിൽ ക്രൈസ്തവ സമുദായം നീതിക്കായി നിലയുറപ്പിച്ചപ്പോഴും ആന്റോ അതിനെ അവഗണിക്കുകയായിരുന്നു. ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്ക പോലും അവഗണിച്ച് പാർലമെൻറിൽ വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ഒരു വിഭാഗത്തിനു വേണ്ടി മാത്രം വാദിക്കുന്ന ജനപ്രതിനിധിയായി അധഃപതിച്ചിരിക്കുന്നു.
ഈരാറ്റുപേട്ടയിൽ പോലീസ് സാന്നിധ്യം വിപുലമാക്കണമെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയതിനെ തുടർന്നുണ്ടായ വിവാദത്തിലും എംപിയുടെ സമീപനം വിമർശിക്കപ്പെട്ടിരുന്നു.

ഈരാറ്റുപേട്ടയിലെ പോലീസ് ഭൂമി അതിനാൽ റവന്യൂ ടവറിന് വിട്ടുകൊടുക്കരുത് എന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ഇതേ തുടർന്ന് എംപി ശബരിമല മുന്നൊരുക്ക യോഗങ്ങളിൽ പോലും നിസ്സഹകരണം കാണിച്ചത് വളരെ ചർച്ചയായിരുന്നു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഒടുവിൽ ജില്ലാ പോലീസ് മേധാവിയെ സ്ഥലം മാറ്റുകയും റിപ്പോർട്ട് തിരുത്തുകയും ചെയ്തിരുന്നുവെന്നും ഹരി പറഞ്ഞു.



By admin