പാകിസ്താനില്‍ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിന്‍ ആക്രമിച്ച് ബന്ദികളാക്കിയവരില്‍ 104 പേരെ മോചിപ്പിച്ചതായി പാക് സൈന്യം. നൂറിലേറെ പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 പാക് സൈനികരും 16 ബിഎല്‍എ (ബലൂച് ലിബറേഷന്‍ ആര്‍മി) അംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം
പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 182 ലധികം യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ബിഎല്‍എ പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കുകയും ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
പാകിസ്താന്‍ സൈന്യം ഏതെങ്കിലും തരത്തിലുള്ള ഓപ്പറേഷന്‍ നടത്തിയാല്‍ ബന്ദികളെ കൊല്ലുമെന്ന് ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പ്രസ്താവനയില്‍ പറഞ്ഞു.
‘ഏത് സൈനിക കടന്നുകയറ്റത്തിനും തുല്യമായ ശക്തമായ മറുപടി നല്‍കും. ഇതുവരെ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് യാത്രക്കാര്‍ ഇപ്പോഴും ബിഎല്‍എയുടെ കസ്റ്റഡിയിലാണ്. ഈ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുന്നു,’ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പ്രസ്താവനയില്‍ ബിഎല്‍എ വക്താവ് പറഞ്ഞു.
ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.