പാകിസ്താന് സൈന്യത്തിന്റെ റാവല്‍പിണ്ടിയിലെ കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനില്‍ കടന്ന് പലതവണ ആക്രമണം നടത്തിയ ശേഷം സൈന്യം തിരിച്ചെത്തി. ഭീകരവാദ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും പ്രതിരോധ മന്ത്രി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്നലെ ഏറെ വൈകിയും അതിര്‍ത്തിയില്‍ പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.
വെടിനിര്‍ത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക വീണ്ടും ആവര്‍ത്തിച്ചു. ഇന്ത്യ- പാക് വെടിനിര്‍ത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇന്റലിജന്‍സ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.