ഇസ്ലാമബാദ് : പാകിസ്ഥാനില്‍ കര്‍ഷകരുടെ കലാപം പല പ്രവിശ്യകളിലും ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതുതായി വായ്പ അനുവദിച്ചതിന്റെ പേരില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില നിര്‍ത്തലാക്കണമെന്ന ഐഎംഎഫ് നിര്‍ദേശം പാകിസ്ഥാന്‍ സര്‍ക്കാര്‍ നടപ്പിലാക്കി ത്തുടങ്ങിയതോടെയാണ് കര്‍ഷകര്‍ കലാപത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.
ഇതിന്റെ ഭാഗമായി സിന്ധ് പ്രവിശ്യയില്‍ കര്‍ഷകര്‍ കലാപം ആരംഭിച്ടിട്ടുണ്ട്. പുതുതായി ഒരു ലക്ഷം കോടി ഡോളര്‍ പാകിസ്ഥാന് വായ്പയായി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ കര്‍ശന നടപടികള്‍ ഐഎംഎഫ് നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുതുടങ്ങിയത് കര്‍ഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ അക്രമാസക്തരാകുന്നു
കൃഷി ലാഭകരമാക്കുന്നതിന് കോര്‍പറേറ്റ് ഫാമിംഗ് തുടങ്ങാന്‍ ഐഎംഎഫ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയതും കര്‍ഷകരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൃഷി ലാഭകരമാക്കാന്‍ കര്‍ഷകഭൂമി പിടിച്ചെടുത്ത് വലിയ ഭൂപ്രദേശത്ത് കൃഷിയിറക്കുന്നതിന് സൈന്യത്തെയും പാകിസ്ഥാന്‍ സര്‍ക്കാര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. സൈന്യമാണ് കര്‍ഷകരുടെ ചെറിയ ഭൂമികള്‍ പിടിച്ചെടുക്കാന്‍ സഹായിക്കുന്നത്. ഇതാണ് സൈന്യത്തിനെതിരെ തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
ഇതിനിടയിലാണ് കൂനിന്മേല്‍ കുരു പോലെ സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചുകൊണ്ടുള്ള മോദിയുടെ തീരുമാനം. ഈ തീരുമാനം പാകിസ്ഥാന്റെ മേല്‍ പതിക്കാന്‍ പോകുന്ന ജലബോംബ് ആയിരിക്കുമെന്ന് പറയപ്പെടുന്നു. ഇത് പ്രകാരം സിന്ധൂനദിയില്‍ നിന്നുള്ള ജലം വിട്ടുകൊടുക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. പക്ഷെ ഇപ്പോള്‍ ഈ ജലം ഇന്ത്യയില്‍ തന്നെ നിര്‍ത്തുന്നതിനുള്ള സംവിധാനമില്ല. സിന്ധുനദിയില്‍ നിന്നും വെള്ളം പാകിസ്ഥാനിലെ താഴ്ന്ന ഭാഗത്തേക്കാണ് ഒഴുകുന്നത്. ഭാവിയില്‍ മോദി സര്‍ക്കാര്‍ അത്തരമൊരു സംവിധാനം നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ തകരും. കാരണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കൃഷി നടക്കുന്നത് സിന്ധുനദിയിലെ ജലം കൊണ്ടാണ്. അത് നിലച്ചാല്‍ അവിടുത്തെ ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കലാപത്തിലേക്ക് പോകും. ഇത് നേരിടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല.
പഞ്ചാബിലെ കര്‍ഷകരെ പരമാവധി സന്തോഷിപ്പിച്ച് നിര്‍ത്താന്‍ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള സിന്ധുനദീജലം കൂടി പഞ്ചാബിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ കനാല്‍ കെട്ടി ഒഴുക്കിവിടാന്‍ ശ്രമിക്കുന്നത് സിന്ധ് പ്രവിശ്യയിലെ കര്‍ഷകരെ രോഷം കൊള്ളിച്ചിരുന്നു. കഴിഞ്ഞ ദിവസം അവര് പാകിസ്ഥാന്‍ സൈന്യത്തിനും പൊലീസിനും എതിരെ തിരിഞ്ഞിരുന്നു. സിന്ധ് പ്രവിശ്യയിലെ ആഭ്യന്തമന്ത്രി സിയാവുള്‍ ഹസന്‍ ലാഞ്ചറിന്റെ വീട് കലാപകാരികള്‍ കത്തിക്കുകയും ചെയ്തിരുന്നു. പാക് പൊലീസുമായുള്ള വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.