പാകിസ്താനിലെ ആഭരണപ്രേമികൾക്ക് സ്വർണ്ണം കിട്ടാക്കനി. നിലവിലെ സാമ്പത്തിക സാഹചര്യം സാധാരണക്കാരുടെ സ്വർണ്ണ മോഹങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കുകയാണ്. രാജ്യത്ത് സ്വർണ്ണവില സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു.10 ഗ്രാം സ്വർണ്ണത്തിന് 4.3 ലക്ഷം
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പാകിസ്താനിൽ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണത്തിന് നിലവിൽ ₹4,30,500 പാകിസ്താനി രൂപയാണ് വില.
ഈ ഭീമമായ വിലവർദ്ധനവ് രാജ്യത്തെ സാധാരണ ജനങ്ങൾക്ക് സ്വർണ്ണം വാങ്ങുന്നത് പൂർണ്ണമായും അപ്രാപ്യമാക്കിയിരിക്കുകയാണ്.സ്വർണ്ണത്തിന്റെ വില അന്താരാഷ്‌ട്ര വിപണിയിലെ വിലയെയും പ്രാദേശിക കറൻസിയുടെ വിനിമയ മൂല്യത്തെയും ആശ്രയിച്ചിരിക്കും. പാകിസ്താൻ രൂപയുടെ മൂല്യത്തിലുണ്ടായ വൻ ഇടിവാണ് വിലക്കയറ്റത്തിന് മുഖ്യ കാരണം. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പാകിസ്താൻ രൂപ അതീവ ദുർബലമാണ്.
ഏകദേശം ഒരു ഇന്ത്യൻ രൂപയ്‌ക്ക് 3.17 പാകിസ്താനി രൂപ എന്ന നിലയിലാണ് നിലവിലെ വിനിമയ നിരക്ക്. ഈ വിനിമയ നിരക്കിലെ വ്യത്യാസം കാരണം, ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കണക്കാക്കുമ്പോൾ, 10 ഗ്രാം സ്വർണ്ണം വാങ്ങാൻ ഇന്ത്യക്കാർ നൽകുന്നതിനേക്കാൾ ഏകദേശം ₹13,000 രൂപ അധികമായി പാകിസ്താനിലെ ഉപഭോക്താക്കൾ നൽകേണ്ടി വരുന്നു. രാജ്യത്തെ രൂക്ഷമായ സാമ്പത്തിക അസ്ഥിരതയും, കറൻസിയുടെ മൂല്യത്തകർച്ചയും, സർക്കാർ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണങ്ങളും ഒരുമിച്ചെത്തിയതാണ് പാകിസ്താനിൽ സ്വർണ്ണവില സാധാരണക്കാർക്ക് താങ്ങാനാവാത്ത നിലയിലേക്ക് ഉയരാൻ കാരണം.
അടുത്തിടെ നടപ്പിലാക്കിയ 60 ദിവസത്തെ ഇറക്കുമതി നിരോധനം ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന്റെ ലഭ്യത കുറയ്‌ക്കുന്നതിനും അതുവഴി കടുത്ത ക്ഷാമത്തിനും കാരണമായി.