
ധാക്ക: പാകിസ്ഥാനില്‍ നിന്നുള്ള എട്ടംഗ സൈനികസംഘത്തെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ച് ഇടക്കാല ഭരണമേധാവി മുഹമ്മദ് യൂനസ്. പാകിസ്ഥാന്‍ സായുധ സേനയുടെ സംയുക്ത മേധാവിയായ ജനറല്‍ ഷഹീര്‍ ഷംഷദ് മിര്‍സയുടെ നേതൃത്വത്തിലാണ് എട്ടംഗസംഘം എത്തുന്നത്.
1971ല്‍ ബംഗ്ലാദേശിന് പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ പോരാടിയ ഇന്ത്യയ്‌ക്കെതിരെയാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരസ്യമായി പാകിസ്ഥാനുമായി അടുക്കുന്നത്. ബംഗ്ലാദേശിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിന് എതിരായാണ് മുഹമ്മദ് യൂനസ് പ്രവര്‍ത്തിക്കുന്നത്.
രണ്ട് ദശകമായി മരവിച്ചുകിടന്നിരുന്ന പാകിസ്ഥാന്‍-ബംഗ്ലാദേശ് സംയുക്ത സാമ്പത്തിക കമ്മീഷനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതായി ഒരു ഉത്തരവും മുഹമ്മദ് യൂനസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിലുള്ള പാകിസ്ഥാന്‍ പ്രതിനിധിയായ ഇമ്രാന്‍ ഹൈദറും ബംഗ്ലാദേശിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസെയ്നും ഒക്ടോബര്‍ 27 തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ പോവുകയാണ്.
പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധര്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ ധാക്ക സന്ദര്‍ശിച്ചതിന്റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കിടയിലും വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്രപരമായി അടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഇതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. യാതൊരു പരിശോധനയുമില്ലാതെ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടന്നുവരുന്നവര്‍ ഇന്ത്യയ്‌ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരാണോ എന്നതാണ് ഈ ആശങ്ക.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാകിസ്ഥാനില്‍ പഠിക്കാന്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500 സ്കോളര്‍ഷിപ്പുകള്‍ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 25 ശതമാനം മെഡിക്കല്‍ പഠനങ്ങള്‍ക്കാണ്. അതുപോലെ ബംഗ്ലാദേശിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സാമുദ്രികബന്ധം പുനരാരംഭിച്ചതിന് ശേഷം ബംഗ്ലാദേശിലേക്ക് പാകിസ്ഥാനില്‍ നിന്നും ചരക്കുകള്‍ സ്വതന്ത്രമായി അയയ്‌ക്കാം. നേരത്തെ ഇത് ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമായിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാതെ പാകിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ കപ്പല്‍മാര്‍ഗ്ഗം നേരെ ലക്ഷ്യസ്ഥാനത്തെത്തും. പാകിസ്ഥാനില്‍ നിന്നും വരുന്ന ഈ പാഴ്സലുകളില്‍ ആയുധങ്ങളാണോ എന്ന ആശങ്കയും ഇന്ത്യയ്‌ക്കുണ്ട്.
ബംഗ്ലാദേശിലെ ഒരു പ്രതിരോധ വ്യോമകേന്ദ്രം ചൈനയുടെ സാമ്പത്തിക സഹായത്തോടെ ഈയിടെ തുറന്നിട്ടുണ്ട്. എല്ലാം ഇന്ത്യയ്‌ക്കെതിരായ ഒരു ആസൂത്രിത നീക്കമാണോ എന്ന സംശയം ജനിപ്പിക്കുന്നു.