
പല്ലേകല്ലേ: ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്തു. അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. സ്‌കോര്‍: പാകിസ്ഥാന്‍ 164/9 ഇംഗ്ലണ്ട് 166/8 (19.1).
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പി. 51 പന്തുകളില്‍ 100 റണ്‍സ് എടുത്താണ് ബ്രൂക്ക് പുറത്തായത്.
ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഫില്‍ സാള്‍ട്ടിനെ പുറത്താക്കി ഷഹീന്‍ അഫ്രീദി പാകിസ്ഥാന് ഗംഭീര തുടക്കം നല്‍കി. പിന്നാലെ ജോസ് ബട്ലറെയും ഷഹീന്‍ പുറത്താക്കി .ഈ ഘട്ടത്തില്‍ 17ന് 2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.എന്നാല്‍ വണ്‍ഡൗണായെത്തിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.
ജേക്കബ് ബെത്തല്‍ (എട്ട്), ടോം ബാന്റണ്‍ (രണ്ട്) എന്നിവരും പെട്ടെന്ന് മടങ്ങി. 58-4 എന്ന നിലയില്‍ നിന്നാണ് ബ്രൂക്ക് ടീമിനെ കരകയറ്റിയത്.
ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്‌സും 16 റണ്‍സെടുത്ത സം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ടത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി നാലു വിക്കറ്റെടുത്തു.
അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഷാഹിബ്‌സാദ ഫര്‍ഹാന്‍ (45 പന്തില്‍ 63) ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. തോല്‍വിയോടെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ക്ക് മങ്ങി. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.